ഗുവാഹത്തി: ചൂടുള്ള ചായയ്‌ക്ക് പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളില്ല എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. അതുകൊണ്ടുതന്നെയാകാം നമ്മുടെയെല്ലാം ദിനചര്യയില്‍ ചായയ്‌ക്ക് ഇത്രമാത്രം പ്രാധാന്യം ലഭിച്ചതും.ഒരു ദിവസത്തേക്കുള്ള ഊര്‍ജം പകരുന്ന ഈ ചായയ്‌ക്ക് ഉപയോഗിക്കുന്ന തേയിലയിലും ഈ ശ്രദ്ധ പുലര്‍ത്തുന്നവര്‍ ഏറെയാണ്. അത്തരത്തില്‍ റെക്കോര്‍ഡ് കൊണ്ടും ഡിമാന്‍ഡ് കൊണ്ടും ഏറെ ആവശ്യക്കാരുള്ള ഒന്നാണ് ദിബ്രുഗഢ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരി ടീ എസ്റ്റേറ്റിൽ ഉത്പാദിപ്പിച്ച അസമിലെ പ്രശസ്‌തമായ മനോഹരി ഗോൾഡ് ടീയ്‌ക്ക്.
ഗുവാഹത്തി ടീ ഓക്ഷൻ സെന്‍റർ (ജിടിഎസി) കഴിഞ്ഞദിവസം നടന്ന ലേലത്തില്‍ മനോഹരി ഗോൾഡ് ടീയുടെ തേയില കിലോഗ്രാമിന് 1.15 ലക്ഷം രൂപ നിരക്കിലാണ് ആവശ്യക്കാരിലൊരാള്‍ സ്വന്തമാക്കിയത്. ഹൈദരാബാദിൽ നിന്നുള്ള ഹോട്ടലുടമ കെ ബാബുറാവുവാണ് വര്‍ഷംതോറും നടക്കുന്ന ലേലത്തിൽ 1.15 ലക്ഷം രൂപയ്ക്ക് തേയില വീട്ടിലെത്തിച്ചത്. പ്രശസ്‌തമായ മനോഹരി ഗോൾഡ് ടീ 2018 മുതൽ തന്നെ സ്വന്തം റെക്കോർഡ് തകർത്ത് മുന്നേറുകയാണ്.
2018 ല്‍ നടന്ന ലേലത്തില്‍ ഒരു കിലോ മനോഹരി ഗോൾഡ് ടീയുടെ തേയില 39,001 രൂപയ്ക്കാണ് ലേലത്തില്‍ പോയത്. അത് അന്നത്തെ റെക്കോര്‍ഡ് വിലയായിരുന്നു. 2019ലെത്തിയപ്പോള്‍ ഈ സ്പെഷ്യൽ ചായ കിലോയ്ക്ക് 50,000 രൂപയ്ക്കാണ് വിറ്റുപോയത്. 2020 ല്‍ ഇത് 75,000 രൂപയായപ്പോൾ കഴിഞ്ഞ വര്‍ഷം ഇത് 99,999 രൂപയിലുമെത്തി.
അതേസമയം ലേലത്തില്‍ സ്വന്തമാക്കിയ മനോഹരി ഗോൾഡ് ടീ ഉപയോഗിച്ച് തയ്യാറാക്കിയ ഓരോ കപ്പ് ചായയും 1000 രൂപയ്ക്ക് വിൽക്കുമെന്ന് ഹൈദരാബാദിലെ നിലോഫർ കഫേ ഉടമ കൂടിയായ കെ ബാബുറാവു മാധ്യമങ്ങളോട് പ്രതികരിച്ചു. പുലർച്ചെ നാല് മുതൽ ആറുവരെ തേയിലത്തോട്ടത്തിൽ പറിച്ചെടുത്ത ഒറ്റ മുകുളങ്ങളിൽ നിന്നാണ് ഈ സ്‌പെഷ്യല്‍ തേയില തയ്യാറാക്കുന്നതെന്ന് മനോഹരി ടീ എസ്റ്റേറ്റ് ഉടമ രാജൻ ലോഹ്യ ഇടിവി ഭാരതിനോട് പ്രതികരിച്ചു.