ഗുവാഹത്തി: അസം യൂത്ത് കോൺഗ്രസ് അധ്യക്ഷ അങ്കിത ദത്തയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് ആറ് വർഷത്തേക്കാണ് അങ്കിത ദത്തയെ പുറത്താക്കിയത്. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസിനെതിരെ അങ്കിത പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി അച്ചടക്കം ലംഘിച്ചുവെന്നടക്കമുള്ള ആരോപണം ഉന്നയിച്ച് അങ്കിതയെ പുറത്താക്കിയത്.
കഴിഞ്ഞ ദിവസമായിരുന്നു ശ്രീനിവാസിനെതിരെ അങ്കിത ട്വിറ്ററിലൂടെ ആരോപണം ഉന്നയിക്കുകയും പരാതി നൽകുകയും ചെയ്‌തത്. 'ഐവൈസി പ്രസിഡന്‍റ് ബി വി ശ്രീനിവാസ് എന്നെ തുടർച്ചയായി ഉപദ്രവിക്കുകയും ലിംഗഭേദത്തിന്‍റെ അടിസ്ഥാനത്തിൽ വിവേചനം കാണിക്കുകയും ചെയ്‌തു. എന്‍റെ വിദ്യാഭ്യാസവും മൂല്യങ്ങളും ഇത് കേട്ടുകൊണ്ടിരിക്കാൻ അനുവദിക്കുന്നില്ല. ഇക്കാര്യം നേതൃത്വത്തിന് മുന്നിൽ കൊണ്ടുവന്നിട്ടും ചില സമയങ്ങളിൽ അവർ ബധിരരായിരുന്നു', അങ്കിത ട്വീറ്റ് ചെയ്‌തു.
അങ്കിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബി വി ശ്രീനിവാസിനെതിരെ ദിസ്‌പൂർ പൊലീസ് കേസെടുത്തിരുന്നു. അങ്കിതയുടെ ട്വീറ്റുകളുടെ അടിസ്ഥാനത്തിൽ ദേശീയ വനിത കമ്മിഷനും സ്വമേധയ കേസെടുത്തിരുന്നു. ഇതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളിൽ അങ്കിതക്കെതിരെ ശക്‌തമായ വിമർശനമാണ് ഉയർന്നുവന്നത്. പിന്നാലെ അങ്കിതയുടെ ആരോപണങ്ങൾ തള്ളി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്‌തിരുന്നു.
അങ്കിത ദത്തയുടെ ആരോപണങ്ങൾ തീർത്തും അടിസ്ഥാന രഹിതമാണെന്നും ശാരദ അഴിമതിക്കേസിൽ നിന്ന് രക്ഷപ്പെടാൻ ബിജെപിയിൽ ചേരാനാണ് ഈ ആരോപണം കൊണ്ടുവന്നതെന്നുമായിരുന്നു യൂത്ത് കോണ്‍ഗ്രസ് വിശദീകരണം നൽകിയത്. യൂത്ത് കോൺഗ്രസിന്‍റെ ഐടി സെൽ അങ്കിതയ്‌ക്ക് വക്കീൽ നോട്ടിസ് അയക്കുകയും ഹൈക്കമാൻഡിന് വിശദീകരണം നൽകാൻ രണ്ട് ദിവസത്തെ സമയപരിധി അനുവദിക്കുകയും ചെയ്‌തിരുന്നു.
അതിനിടെ തനിക്കെതിരായ നീക്കത്തിന് പിന്നില്‍ ബിജെപിയും അസം മുഖ്യമന്ത്രി ഹിമന്ദ വിശ്വ ശര്‍മയുമാണെന്ന ആരോപണവുമായി ബി വി ശ്രീനിവാസും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ ഹിമന്ദ വിശ്വ ശര്‍മയ്‌ക്കൊപ്പം അങ്കിത നില്‍ക്കുന്ന ഫോട്ടോ യൂത്ത് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്‌തിരുന്നു.