ന്യൂഡല്‍ഹി: അസം മുഖ്യമന്ത്രിയായി അധികാരമേറ്റ ഹിമന്ത ബിശ്വ ശര്‍മയ്ക്ക് അഭിനന്ദനമറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശര്‍മയ്ക്ക് കീഴില്‍ അസമില്‍ സമാധാനവും, പുരോഗമനവും, സമൃദ്ധിയുമുണ്ടാകുമെന്ന് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ വളരെ മികച്ച ഭരണമായിരിക്കും ശര്‍മയുടെ സര്‍ക്കാര്‍ കാഴ്ച വയ്ക്കാന്‍ പോകുന്നതെന്ന് അമിത് ഷാ കൂട്ടിച്ചേര്‍ത്തു. അസമിന്‍റെ 15-ാത് മുഖ്യമന്ത്രിയായാണ് ഹിമന്ത ബിശ്വ ശര്‍മ സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റത്. ഒപ്പം 13 മന്ത്രിമാരും ചുതലയേറ്റു. സർബാനന്ദ സോനാവാളിന് ശേഷം സംസ്ഥാനത്തെ അടുത്ത ബിജെപി മുഖ്യമന്ത്രിയാണ് ഹിമന്ത ബിശ്വ ശർമ.
Also Read: അസമില്‍ സര്‍ബാനന്ദയുടെ പിൻഗാമിയായി ഹിമാന്ത ബിശ്വ ശർമ
ഗുവാഹത്തിയിലെ ശ്രീമന്ദ് ശങ്കര്‍ദേബ് കലാക്ഷേത്രയില്‍ നടന്ന ചടങ്ങില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയും വടക്കുകിഴക്കന്‍ മേഖലയിലെ അഞ്ചു മുഖ്യമന്ത്രിമാരും പങ്കെടുത്തു. അസമിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഖ്യ പങ്കു വഹിച്ച നേതാവാണ് ശർമ. ജലൂക്ബാരി മണ്ഡലത്തിൽ നിന്ന് നാല് തവണ തുടർച്ചയായി വിജയിച്ച നേതാവ് കൂടിയാണ് അദ്ദേഹം. 1,01,911 വോട്ടിന്‍റെ മാർജിനിലാണ് അദ്ദേഹം ഇത്തവണ വിജയിച്ചത്. 126 അംഗ നിയമസഭയില്‍ ബിജെപി 60 ഉം സഖ്യകക്ഷികളായ എജിപി ഒമ്പതും യുപിപിഎല്‍ ആറും സീറ്റുകളും നേടി.