ഗുവാഹത്തി: അസമിൽ 24 മണിക്കൂറിനിടെ വ്യത്യസ്‌ത സ്ഥലങ്ങളിലായി രണ്ട് ബലാത്സംഗ കേസുകളിലെ പ്രതികളെ വെടിവെച്ചു കൊന്നു. ഏഴ് വയസുകാരിയെ ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രാജേഷ് മുണ്ടയെ (38) മജ്‌ബത്ത് പൊലീസും, പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയ കൂട്ടബലാത്സംഗം ചെയ്‌ത കേസിലെ പ്രതിയായ ബിക്കി അലിയെ (20) ഗുവാഹത്തി പൊലീസുമാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. രണ്ട് സംഭവങ്ങളിലും തെളിവെടുപ്പിനിടെ കസ്റ്റഡിയിൽ നിന്ന് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയുതിർത്തതാണെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
എന്നാൽ ഏറ്റുമുട്ടൽ വ്യജമാണെന്നും പ്രതികളെ കൊല്ലുക എന്ന ഉദ്ദേശത്തോടെയാണ് പൊലീസ് വെടിയുതിർത്തതെന്നും ആരോപണം ഉയരുന്നുണ്ട്. മജ്‌ബത്തിൽ നടന്ന സംഭവത്തിൽ പ്രതി രാജേഷ് മുണ്ട ബുധനാഴ്‌ച പുലർച്ചെ 2.30 ഓടെയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്‌ച ബൈഹാത ചാരിയാലിയിലെ ഒരു ഫാക്‌ടറിയിൽ നിന്ന് പിടികൂടിയ ഇയാളെ തെളിവെടുപ്പിനായി കൊണ്ടുവന്നതായിരുന്നു.
എന്നാൽ പൊലീസിനെ ആക്രമിച്ച് ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതിനെത്തുടർന്ന് പൊലീസ് ഇയാൾക്ക് നേരെ വെടിയുതിർത്തു. പരിക്കേറ്റ പ്രതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ വെച്ച് മരിക്കുകയായിരുന്നു.
ALSO READ: എയര്‍ഗണ്‍ പൊട്ടിത്തെറിച്ച് 4 വയസുകാരി മരിച്ചു
ഗുവാഹത്തിയിൽ നടന്ന ആൾക്കുട്ട ആക്രമണത്തെ ഭയന്ന് ചൊവ്വാഴ്‌ച രാത്രിയാണ് പ്രതി ബിക്കി അലിയെ പൊലീസ് സംഭവ സ്ഥലത്തെത്തിച്ചത്. ഇതിനിടെ പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും പൊലീസ് വെടി വെയ്‌ക്കുകയുമായിരുന്നു. പിന്നാലെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലപ്പെട്ട ബിക്കി അലിയും മറ്റ് നാല് സുഹൃത്തുക്കളും ചേർന്ന് 16കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പെണ്‍കുട്ടിയെ പ്രണയം നടിച്ച് വീട്ടിലേക്ക് ക്ഷണിച്ച പ്രതി പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി. ശേഷം ദൃശ്യങ്ങൾ പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തി സുഹൃത്തുക്കളുമായി ചേർന്ന് കൂട്ട ബലാത്സഗത്തിനിരയാക്കുകയായിരുന്നു. ഇയാളുടെ സുഹൃത്തുക്കളായ മറ്റ് നാല്പേർ ഒളിവിലാണ്.
അസമിലെ എൻകൗണ്ടറുകൾ
ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റത് മുതൽ അസമിൽ നിരവധി എൻകൗണ്ടറുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കസ്റ്റഡിയിൽ നിന്ന് ഓടിപ്പോകാനോ പൊലീസിനെ ആക്രമിക്കാനോ ശ്രമിച്ചാൽ കാൽമുട്ടിന് താഴെ വെടിവെയ്‌ക്കാൻ മുഖ്യമന്ത്രി പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. 2021 മെയ് 10 നും ഈ വർഷം ജനുവരി 28 നും ഇടയിൽ നടന്ന ഏറ്റുമുട്ടലുകളിൽ 28 പേർ കൊല്ലപ്പെടുകയും 73 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സർക്കാർ അറിയിച്ചിട്ടുണ്ട്.
അതേ സമയം യുപിയിലേതു പോലെ വ്യാജ ഏറ്റുമുട്ടലുകൾ സൃഷ്‌ടിച്ച് പ്രതികളെ കൊലപ്പെടുത്തുകയാണ് അസം പൊലീസും പിന്തുടരുന്നത് എന്നാരോപിച്ച് പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. തെലങ്കാനയിലും സമാന സംഭവം ഉണ്ടായിരുന്നു.