ഗുരുക്രാന്തി: അസമിലെ ഗുരുകാന്ത്രിയിലുണ്ടായ അക്രമത്തില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹത്തെ ആക്രമിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍. പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ വിജയ് ബാനിയയാണ് അറസ്റ്റിലായത്. ദാരങ്ക് ജില്ലയിലെ സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി താമസിപ്പിച്ചവരെ കുടിയൊഴിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പൊലീസ് നടപടി ഉണ്ടായത്.
ഉദ്യോഗസ്ഥനടപടി പകര്‍ത്തുന്നതിനായി ജില്ലാ ഭരണകൂടമാണ് ഫോട്ടോഗ്രാഫറെ ചുമതലപ്പെടുത്തിയത്. ഇയാള്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം സ്ഥലത്ത് എത്തിയിരുന്നു. പ്രദേശത്ത് എത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ നൂറ് കണക്കിന് വരുന്ന ആളുകള്‍ കല്ലെറിഞ്ഞു. ഇതോടെ പൊലീസ് അക്രമികള്‍ക്കെതിരെ നടപടി ആരംഭിച്ചു. മാരകായുധങ്ങളുമായി എത്തിയ ഒരുകൂട്ടം പൊലീസിനെ അക്രമിക്കുകയായിരുന്നു.
പൊലീസ് തിരിച്ചടിച്ചതോടെ പ്രദേശത്ത് സംഘര്‍ഷം ശക്തമായി. പൊലീസ് നടപടിക്കിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. പൊലീസ് നടപടിക്ക് പിന്നാലെ മൃതദേഹത്തിന് അടുത്തെത്തിയ പ്രതി ചവിട്ടുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. പൊലീസിനെ ആക്രമിക്കാനെത്തിയ ആളാണ് നടപടിയില്‍ കൊല്ലപ്പെട്ടത്.
കൂടുതല്‍ വായനക്ക്: 'പിരിവ് ഇല്ലെങ്കില്‍ കൊടികുത്തും', പ്രവാസിയെ സി.പി.എം നേതാവ് ഭീഷണിപ്പെടുത്തിയതായി പരാതി
ഇതില്‍ ഒരാളുടെ മൃതദേഹം പ്രതി ചവിട്ടിമെതിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് അന്വേഷണം പ്രഖ്യാപിച്ചത്. അന്വേഷണത്തിന് ഒടുവില്‍ കുറ്റവാളിയെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ ക്രമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിന് കൈമാറിയതായി എഡിജിപി ഭാസ്കര്‍ ജ്യോതി മഹന്ദ അറിയിച്ചു.
എന്തിനാണ് ഇയാള്‍ മൃതദേഹത്തെ ആക്രമിച്ചത് എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്. ഇന്നലെയാണ് പൊലീസിന്‍റെ സഹായത്തോടെ ധൽപൂർ മേഖലയിലേക്ക് സുരക്ഷാ സേനയുടെ അകമ്പടിയോടെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ എത്തിയത്. പ്രദേശത്തെ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ ആക്രമിക്കുകയായിരുന്നു.