കച്ച് (ഗുജറാത്ത്): കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ദേശവിരുദ്ധനെന്നും ഹിന്ദുത്വ വിരുദ്ധനെന്നും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവും അസാം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശർമ്മ. ആര്‍എസ്‌എസ് നേതാവ് വിനായക് ദാമോദർ സവർക്കറിനെതിരെ രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾക്കാണ് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ ഹിമന്ത ബിശ്വ ശർമ്മ രാഹുലിനെതിരെ വിമര്‍ശനം കടുപ്പിച്ചത്. രാഹുൽ ഗാന്ധിക്ക് ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് ധാരണയില്ലെന്നും വീർ സവർക്കറെ വിശേഷിപ്പിക്കാൻ അദ്ദേഹം തെരഞ്ഞെടുത്ത ഭാഷ അദ്ദേഹത്തിന്‍റെ തത്ത്വചിന്തയേയാണ് പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഹുൽ ഗാന്ധി ഒരു ഹിന്ദുത്വ വിരുദ്ധനും ദേശവിരുദ്ധനുമാണ്. രാഹുലിന് ഇന്ത്യയുടെ ചരിത്രത്തെക്കുറിച്ച് യാതൊരു ധാരണയും ഇല്ലെന്നും വീര്‍ സവര്‍ക്കറെ കുറിച്ച് അദ്ദേഹം ഉപയോഗിച്ച വാക്കുകള്‍ അദ്ദേഹത്തിന്‍റെ പ്രത്യേയശാസ്‌ത്രത്തെയാണ് വ്യക്തമാക്കുന്നതെന്നും ഹിമന്ത ബിശ്വ ശർമ്മ തുറന്നടിച്ചു. തെരഞ്ഞെടുപ്പ് ഗുജറാത്തിലാണെങ്കിലും അദ്ദേഹം ദക്ഷിണേന്ത്യയില്‍ കറങ്ങി നടക്കുകയാണ്. ഹിമാചലില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അദ്ദേഹം കേരളത്തിലായിരുന്നു. മത്സരം ആഗ്രഹിക്കാത്തതിനാല്‍ ഡ്രസിങ് റൂമിൽ നിന്ന് പുറത്തിറങ്ങാൻ പോലും അദ്ദേഹം ആഗ്രഹിക്കുന്നില്ലെന്നും ശർമ പരിഹസിച്ചു.
അതേസമയം കഴിഞ്ഞദിവസം ഭാരത് ജോഡോ യാത്രയ്ക്കിടെ സംഘടിപ്പിച്ച ഗോത്രവര്‍ഗ കണ്‍വെന്‍ഷനിലാണ് രാഹുല്‍ ഗാന്ധി സവര്‍ക്കറെക്കുറിച്ചുള്ള പരാമര്‍ശം നടത്തിയത്. സ്വാതന്ത്ര്യ സമരങ്ങളില്‍ പങ്കെടുത്ത സവര്‍ക്കര്‍ തടവിലായിരുന്നപ്പോള്‍ ബ്രിട്ടീഷ് സര്‍ക്കാരിന് മാപ്പപേക്ഷ എഴുതി നല്‍കിയാണ് മോചിതനായതെന്നും അതിന്‍റെ ഭാഗമായുള്ള പെന്‍ഷന്‍ വരെ കൈപ്പറ്റിയയാളാണ് അദ്ദേഹമെന്നുമായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. ജയിലില്‍ നിന്ന് പുറത്തുവന്നതിന് ശേഷം അദ്ദേഹം ബ്രിട്ടീഷുകാരുടെ നിര്‍ദേശം അംഗീകരിക്കുകയും അവരുടെ സേനയില്‍ ചേരുകയും ചെയ്‌തു. ബ്രിട്ടീഷ് ഭരണകൂടത്തോടുള്ള ഭയമാണ് സവര്‍ക്കറെ കൊണ്ട് ഇതെല്ലാം ചെയ്യിച്ചതെന്നും രാഹുല്‍ പറഞ്ഞിരുന്നു.