ഹൈദരാബാദ്: ലോക പ്രശസ്തമായ അലങ്കനല്ലൂര്‍ ജല്ലിക്കെട്ട് ജനുവരി 16-ന് മധുര ജില്ലയില്‍ അതിന്‍റെ എല്ലാ ആഡംബരത്തോടെയും ആരവങ്ങളോടെയും കൊണ്ടാടും. തമിഴ്‌നാട്ടില്‍ നടക്കുന്ന നിരവധി ജല്ലിക്കെട്ടുകളില്‍ ഒന്നാണിത്. അതേ സമയം ജനുവരി-15 വെള്ളിയാഴ്ച അസമിലെ നാഗോണ്‍ ജില്ലയിലെ മോറിഗോണില്‍ കാളപ്പോരും കൊണ്ടാടുകയുണ്ടായി. പൊങ്കൽ പോലുള്ള ആഘോഷങ്ങളുടെ ഭാഗം തന്നെയാണ് ഇവ.
തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളില്‍, പ്രത്യേകിച്ച് കാവേരി നദീതടങ്ങളിലും, ചില പടിഞ്ഞാറന്‍ കേന്ദ്രങ്ങളിലും കൂടുതലായി സംഘടിപ്പിച്ചു വരുന്ന ജല്ലിക്കെട്ടില്‍ “വടി വാസല്‍” എന്നറിയപ്പെടുന്ന ഒരു പ്രവേശന കവാടത്തിലൂടെ കാളകള്‍ ജല്ലിക്കെട്ട് നടക്കുന്ന വേദിയിലേക്ക് കടന്നു വരും. അവിടെ കാത്തു നില്‍ക്കുന്ന കാളകളെ മെരുക്കിയെടുക്കുന്ന വീരന്മാര്‍ ഒരു നിശ്ചിത സമയത്തേക്ക് (ഒരുപക്ഷെ 30 സെക്കന്‍റോളം) കാളയുടെ കൂനിന്മേല്‍ തൂങ്ങി കിടക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ മൂന്ന് വട്ടമെങ്കിലും അതില്‍ പിടിച്ചു ചുറ്റേണ്ടതുണ്ട്. അതുമല്ലെങ്കില്‍ പ്രസ്തുത ജല്ലിക്കെട്ടില്‍ നിര്‍ദ്ദേശിച്ച പ്രകാരമുള്ള ദൂരത്തോളം അതില്‍ തൂങ്ങി കിടക്കേണ്ടതുണ്ട്. ഇങ്ങനെ നിശ്ചയിക്കപ്പെട്ട രീതിയില്‍ ഒരാള്‍ തൂങ്ങി കിടന്നാല്‍ ആ കാള മെരുക്കപ്പെട്ടു എന്നാണ് കണക്കാക്കപ്പെടുക. വീട്ടാവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ മുതല്‍ കാര്‍ വരെ നീളുന്ന നിരവധി സമ്മാനങ്ങളായിരിക്കും ഇങ്ങനെ കാളയെ മെരുക്കുന്ന വീരന്മാര്‍ക്കും, ഏറ്റവും കൂടുതല്‍ കാളയെ മെരുക്കിയ മികച്ച കളിക്കാരനുമൊക്കെ സമ്മാനമായി ലഭിക്കുക.
എന്നാല്‍ അസമില്‍ നടക്കുന്ന കാളപ്പോരില്‍ ഇതല്ല സംഭവിക്കുന്നത്. അവിടെ പോത്തുകള്‍ പരസ്പരം കൊമ്പു കോര്‍ത്ത്, പോരു നടക്കുന്ന വേദിയില്‍ നിന്നും എതിരാളിയെ പരിക്കേല്‍പ്പിച്ചോ തള്ളിയോ നീക്കിയോ പുറത്താക്കുകയാണ് ചെയ്യുന്നത്. ജല്ലിക്കെട്ട് പൗരാണിക തമിഴ് സംസ്ക്കാരത്തിന്‍റെ ഭാഗമായാണ് കണക്കാക്കപ്പെടുന്നത്. കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് ഇതിനായി കാളകളെ വളര്‍ത്തി വലുതാക്കി എടുക്കുന്നത്. അതേ സമയം അസമില്‍ നടക്കുന്ന പോത്ത് പോരാട്ടം, ഈ പോത്തുകള്‍ ക്രുദ്ധരായി മാറുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിനു വേണ്ടിയുള്ള ഒരു ആചാരമാണെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, ഈ പോരുകളിലൂടെ ഈ പോത്തുകള്‍ അസാധാരണമായ കരുത്താര്‍ജ്ജിക്കുമെന്നും പ്രാദേശവാസികള്‍ പറയുന്നു.
വിളവെടുപ്പ് ആഘോഷങ്ങളുടെ ഭാഗമായി തമിഴ് മാസമായ തായ് മാസത്തിലാണ് ജല്ലിക്കെട്ട് നടത്തുന്നത്. അലങ്കനല്ലൂര്‍ ഉള്‍പ്പെടെ മധുരയില്‍ നടന്നു വരുന്ന മൂന്ന് പ്രമുഖ ജല്ലിക്കെട്ടുകളും ക്ഷേത്രാങ്കണങ്ങളിലാണ് നടന്നു വരുന്നതെങ്കിലും ഈ കായിക വിനോദം അതിന്‍റെ മതേതര സ്വഭാവം നിലനിര്‍ത്തുന്നു. പള്ളികള്‍ പോലും ജല്ലിക്കെട്ടുകള്‍ നടത്തിവരാറുണ്ടിവിടെ. അസമിലാകട്ടെ “ബിഹു” മാസത്തിലെ ആദ്യ ദിവസമായ “മാഗ് ബിഹു”വിലാണ് ഈ ആചാരം നടത്തുന്നത്.
അസമിലെ കാളപ്പോരടക്കമുള്ള എല്ലാ തരത്തില്‍പെട്ട പൗരാണിക കായിക വിനോദങ്ങളും 2014-ല്‍ സുപ്രീം കോടതി നിരോധിക്കുകയുണ്ടായി. എന്നാല്‍ ജല്ലിക്കെട്ട് നിരോധിച്ചതിനെതിരെ ഒരു അതിബൃഹത്തായ പ്രതിഷേധ പ്രസ്ഥാനം തന്നെ 2017 ജനുവരി-8-ന് ചെന്നൈയിലെ മറീന കടലോരത്തും തമിഴ്നാട്ടിലെ മറ്റിടങ്ങളിലും പൊട്ടിപുറപ്പെട്ടു. മധുരയിലെ അലങ്കനല്ലൂര്‍ ജല്ലിക്കെട്ട് വേദിയിലടക്കം ഈ പ്രതിഷേധം ആളിക്കത്തി. ഈ പ്രതിഷേധങ്ങള്‍ നടന്നു വരുന്നതിനിടയില്‍ ജനുവരി 23-ന് തമിഴ്‌നാട് നിയമ നിര്‍മ്മാണ സഭ ജല്ലിക്കെട്ട് നടത്തുന്നതിന് അനുമതി നല്‍കുന്ന ഒരു ബില്‍ പാസാക്കുകയും, 2017 ജനുവരി 21-ന് ഒരു വിജ്ഞാപനം ഇതിനു വേണ്ടി പുറത്തിറക്കുകയും ചെയ്തു. പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്‍റ് ഓഫ് ആനിമല്‍സ് (പെറ്റ) എന്ന സംഘടന ഈ നിയമം റദ്ദാക്കിക്കുന്നതിനു വേണ്ടി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ശ്രമങ്ങള്‍ പരാജയപ്പെട്ടു. അതിനാല്‍ 2000 വര്‍ഷം പഴക്കമുള്ള ഈ കായിക വിനോദം ഇപ്പോഴും പ്രസക്തമായി തുടരുന്നു.
അസമിലെ കാളപ്പോരിനെ കുറിച്ച് പറയുകയാണെങ്കില്‍ ഏതാണ്ട് 6 മുതല്‍ 8 നൂറ്റാണ്ടുകളായി ഏതാനും ജില്ലകളില്‍ നടന്നു വരുന്ന ഒന്നാണ്. സുപ്രീം കോടതി നിരോധനം ഉണ്ടായിട്ടും അതിന് മുടക്കം ഉണ്ടായിട്ടില്ല. സംഗം കാലഘട്ടത്തിലെ സാഹിത്യ രചനയായ കളിതൊകൈ എന്ന കാവ്യത്തിൽ ജല്ലിക്കെട്ടിനെ കുറിച്ച് പരാമര്‍ശമുണ്ട്. വധുക്കള്‍ക്ക് മികച്ച വരന്മാരെ കണ്ടെത്തുന്നതിനുള്ള ഒരു പരീക്ഷണം എന്ന നിലയിലാണ് അതില്‍ ഈ കായിക വിനോദത്തെ കുറിച്ച് പരാമര്‍ശിക്കുന്നത്. കാളയെ അതിന്‍റെ കൊമ്പുകളില്‍ പിടിച്ച് മെരുക്കാന്‍ ഭയപ്പെടുന്ന ഒരു പുരുഷനെ വിവാഹം ചെയ്യുവാന്‍ ഒരു പെണ്‍കുട്ടി ഈ ജീവിതത്തില്‍ മാത്രമല്ല അവളുടെ അടുത്ത ജീവിതത്തില്‍ പോലും ആഗ്രഹിക്കില്ല എന്നാണ് ഈ സാഹിത്യ രചനകയിലൂടെ നമ്മള്‍ മനസ്സിലാക്കുന്നത്. അതോടൊപ്പം തന്നെ ഈ കായിക വിനോദത്തില്‍ വിജയിക്കുന്നതിനെ അതില്‍ ഉള്‍പ്പെട്ട പുരുഷന്മാരുടെ ധീരതയെ സാക്ഷ്യപ്പെടുത്തുന്ന ഒന്നാക്കുന്നു എന്നും പ്രസ്തുത കാവ്യത്തില്‍ പരാമര്‍ശിക്കുന്നു. ഡല്‍ഹിയിലെ ദേശീയ മ്യൂസിയത്തില്‍ സംരക്ഷിച്ചു പ്രദർശിപ്പിച്ചു വരുന്ന സിന്ധു നദീതട സംസ്‌കാര കാലഘട്ടത്തിലെ ഒരു മുദ്രയിൽ പോലും ജല്ലിക്കെട്ട് എന്ന കായിക വിനോദത്തേക്കുറിച്ചുള്ള പരാമർശം ഉണ്ട്. അതിനാല്‍ തന്നെ അത്തരം ഒരു ആചാരം ആ കാലഘട്ടത്തിലും നിലവിലുണ്ടായിരുന്നു എന്നുള്ള കാര്യം വ്യക്തമാകുന്നു.