ശ്രീനഗര്‍: പ്രകൃതിദത്തമായ നിരവധി അരുവികളാല്‍ സമ്പന്നമാണ് കശ്‌മീര്‍. അരുവികളിലെ തണുത്ത ശുദ്ധമായ ജലം വിവിധ തരം മത്സ്യങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഏറ്റവും അനുയോജ്യമായാണ് കണക്കാക്കുന്നത്. ഈ അരുവികളില്‍ വളരെ നന്നായി വളരുന്ന ഒരു അപൂര്‍വ ഇനം മത്സ്യമാണ് മഴവില്‍ ശുദ്ധജല മത്സ്യം. നല്ല രുചിയുള്ളതും വിദേശ ഇനവുമായ മഴവില്‍ ശുദ്ധജല മത്സ്യത്തെ കശ്മീരിന് ആദ്യമായി പരിചയപ്പെടുത്തുന്നത് 1889-ല്‍ ബ്രിട്ടീഷ് വംശജനായ ഫ്രാങ്ക് ജോണ്‍ മിച്ചല്‍ ആണ്.
ദക്ഷിണ കശ്‌മീരിലെ അനന്തനാഗ് ജില്ലയിലെ പ്രധാനപ്പെട്ട ആകര്‍ഷണ കേന്ദ്രമാണ് കൊക്കര്‍നാഗിലെ അതിവിശാലമായ മഴവില്‍ ശുദ്ധജല മത്സ്യഫാം. 1984 ല്‍ യൂറോപ്യന്‍ കമ്പനിയുമായി ചേര്‍ന്ന് സ്ഥാപിച്ച ഫാം 38 ഏക്കര്‍ ഭൂമിയില്‍ 300 കനാലുകളിലായി പരന്ന് കിടക്കുന്നു. നിലവില്‍ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ശുദ്ധജല മത്സ്യ പ്രജനന കേന്ദ്രമായാണ് കൊക്കര്‍നാഗിലെ ഫാമിനെ കണക്കാക്കുന്നത്.
2020 ല്‍ മഴവില്‍ ശുദ്ധജല മത്സ്യത്തിന്‍റെ വില്‍പ്പനയിലൂടെ 1.75 കോടി രൂപയുടെ വരുമാനമാണ് ഉണ്ടായത്. ഇത്തവണ രണ്ട് കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യ പ്രൊജക്ട് ഓഫിസര്‍ മുഹമ്മദ് മുസാഫര്‍ ബസാസ് പറഞ്ഞു.
സംരംഭകര്‍ക്കായി 6 മാസത്തെ പരിശീലന പരിപാടിയും ഫാമില്‍ ഒരുക്കിയിട്ടുണ്ട്. ഓരോ വര്‍ഷവും 18 മുതല്‍ 20 വരെ സംരംഭകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ഇതിനു പുറമെ ഗവേഷണ പദ്ധതികളുടെ ഭാഗമായി കശ്‌മീര്‍ സര്‍വകലാശാലയില്‍ നിന്നുള്ള പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും ഫാം പതിവായി സന്ദര്‍ശിക്കുന്നുണ്ടെന്ന് മുഖ്യ പ്രൊജക്ട് ഓഫിസര്‍ മുഹമ്മദ് മുസാഫര്‍ ബസാസ് പറഞ്ഞു.
നിരവധി സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കുമാണ് ശുദ്ധജല മത്സ്യത്തിന്‍റെ മുട്ടകള്‍ കയറ്റി അയക്കുന്നത്. അരുണാചല്‍ പ്രദേശ്, സിക്കിം, ഉത്തരാഖണ്ഡ്, ഭൂട്ടാന്‍ എന്നിവിടങ്ങളിലേക്ക് ഈ വര്‍ഷം മാത്രം ഏതാണ്ട് 7,00,000 മുട്ടകളാണ് കയറ്റുമതി ചെയ്‌തത്. മത്സ്യ ബന്ധന വകുപ്പിന് ഇതില്‍ നിന്ന് മാത്രം 1.4 കോടി രൂപയുടെ വരുമാനം ഉണ്ടായി. കശ്‌മീരിലാകമാനം 37 ശുദ്ധജല മത്സ്യ പ്രജനന കേന്ദ്രങ്ങളാണുള്ളത്.