ആഗ്ര: താജ്‌മഹലെന്ന മഹാത്ഭുതത്തെ വിനോദ സഞ്ചാരികള്‍ക്കായി കൂടുതല്‍ തിളക്കമാര്‍ന്നതാക്കാനൊരുങ്ങുകയാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ. ചെളി ഉപയോഗിച്ച് താജ്‌മഹലിൻ്റെ താഴികക്കുടം പൊതിഞ്ഞ് മഡ് പാക്ക് പ്രോസിജിയറിലൂടെ തിളക്കം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതിനാല്‍ താജ്‌മഹലും ആഗ്രയിലെ ചെങ്കോട്ടയും അടക്കം രാജ്യത്തെ എല്ലാ സ്മാരക മന്ദിരങ്ങളും മെയ്-15 വരെ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ഈ അവസരം പരമാവധി ഫലപ്രദമായി ഉപയോഗപ്പെടുത്താനാണ് എഎസ്ഐയുടെ ശ്രമം.
താജ്‌മഹല്‍ സമുച്ചയത്തിൻ്റെ രാജകീയ കവാടത്തിനരികിലുള്ള തേഞ്ഞുപോയ കല്ലുകള്‍ മാറ്റി സ്ഥാപിക്കുകയും താഴികക്കുടങ്ങള്‍ സംരക്ഷിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. 2020 മാര്‍ച്ച് 17നാണ് താജ്‌മഹലടക്കം രാജ്യത്തെ എല്ലാ സ്മാരക മന്ദിരങ്ങളും ആദ്യം അടച്ചുപൂട്ടിയത്. 188 ദിവസത്തെ ലോക്‌ഡൗണ്‍ കാലാവധിക്ക് ശേഷം 2020 സെപ്റ്റംബര്‍ 21നാണ് താജ്‌മഹല്‍ വീണ്ടും തുറന്നത്. രാജകീയ കവാടത്തിലെ തേഞ്ഞുപോയ കല്ലുകള്‍ മാറ്റുന്നതിന് ഏതാണ്ട് 19 ലക്ഷം രൂപ ചെലവായതായി എഎസ്ഐ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് വസന്ത് കുമാര്‍ സ്വര്‍ണാകര്‍ പറയുന്നു. ഇതോടൊപ്പം താജ്മഹലിൻ്റെ തെക്കുപടിഞ്ഞാറന്‍ ഗോപുരം മനോഹരമായി പരിപാലിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.അരികുകളില്‍ നിന്നും അടര്‍ന്നു വരുന്ന കല്ലുകളും ഗോപുരത്തിൻ്റെ പുറം ഭാഗങ്ങളിലുള്ള മൊസൈക്കുകളും മാറ്റി നവീകരിക്കും.
സ്‌മാരക കുടീരത്തിൻ്റെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്നതാണ് രാജകീയ കവാടം. ഇതില്‍ പതിപ്പിച്ചിട്ടുള്ള ചുവപ്പും മറ്റ് നിറങ്ങളിലുമുള്ള കല്ലുകളും നിറം മങ്ങി തേഞ്ഞുപോയിരുന്നു. മൊസൈക് കല്ലുകള്‍ക്കും ഇങ്ങനെ തേയ്‌മാനം സംഭവിച്ച് നിറം മങ്ങിയിട്ടുണ്ട്. മുഖ്യ കവാടം പലക തട്ടുകള്‍ ഉപയോഗിച്ച് ഉറപ്പിച്ചിരിക്കുകയാണ്. താജ്‌മഹലിനോളം തന്നെ പഴക്കമുള്ളതാണ് ഈ കവാടത്തിൻ്റെ ചരിത്രവും. ഷാജഹാന്‍ ചക്രവര്‍ത്തി തന്നെയാണ് ഈ കവാടവും പണികഴിപ്പിച്ചത്. താജ്മഹലിന്റെ നിര്‍മാണ കാലത്ത് അതിൻ്റെ നാല് മൂലകളിലുമായാണ് നാല് ഗോപുരങ്ങള്‍ പണികഴിപ്പിച്ചിട്ടുള്ളത്. ഓരോ ഗോപുരത്തിന്‍റെയും ഉയരം തറയില്‍ നിന്നും കുംഭം വരെ 42.95 മീറ്റര്‍ അല്ലെങ്കില്‍ 140.91 അടിയാണ്.
താജ്‌മഹൽ ഗോപുരങ്ങളുടെ നവീകരണ പ്രവൃത്തികള്‍ക്ക് ഏതാണ്ട് 23 ലക്ഷം രൂപ ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. താജ്‌മഹലിൻ്റെ സൗന്ദര്യ വല്‍ക്കരണം ഏറ്റെടുത്ത് നടത്തുവാനുള്ള എഎസ്ഐ യുടെ ശ്രമം തീര്‍ത്തും അഭിനന്ദനീയമാണെണ് ടൂറിസം ഗില്‍ഡ് ആഗ്ര വൈസ് പ്രസിഡൻ്റായ രാജീവ് സക്‌സേന പറഞ്ഞു.