ന്യൂഡൽഹി: രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷനാക്കാനുള്ള ശ്രമം അവസാന നിമിഷം വരെ നടന്നിരുന്നു എന്ന് രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെലോട്ട്. നരേന്ദ്ര മോദിയെ നേരിടാൻ രാഹുലിന് മാത്രമേ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖാർഗെ ചുമതലയേൽക്കുന്ന ദിവസമാണ് അശോക് ഗെലോട്ടിന്‍റെ പ്രതികരണം.
സോണിയയുടെ നേതൃത്വം എക്കാലവും ഓർമിക്കപ്പെടും. പാർട്ടി തകരാൻ ഇടയാവരുത്, അധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ഞങ്ങളെല്ലാവരും അഭ്യർത്ഥിച്ചശേഷമാണ് സോണിയ അധ്യക്ഷയാകുന്നത്. ഭാഷാ പ്രശ്‌നങ്ങൾ ഉണ്ടായിട്ടും സോണിയ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.
22 വർഷമാണ് സോണിയ ഗാന്ധി കോൺഗ്രസിന്‍റെ അധ്യക്ഷയായിരുന്നത്. 13 സംസ്ഥാനങ്ങളിൽ സർക്കാർ രൂപീകരിക്കാൻ സോണിയക്ക് സാധിച്ചു. സോണിയയുടെ പ്രവർത്തനം ഒരിക്കലും മറക്കാൻ കഴിയില്ലെന്നും ഗെലോട്ട് പറഞ്ഞു.
നെഹ്റു കുടുംബത്തിൽ നിന്നല്ലാത്ത ഒരാൾ പാർട്ടിയുടെ അധ്യക്ഷസ്ഥാനത്തേക്ക് എത്തണമെന്നത് രാഹുൽ ഗാന്ധിയുടെ ആഗ്രഹമായിരുന്നു. കോൺഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ മല്ലികാർജുൻ ഖാർഗെയെ ഗെലോട്ട് അഭിനന്ദിച്ചു. പാർട്ടിയുടെ മുന്നേറ്റത്തിനായി ഖാർഗേയുടെ ഒപ്പം പ്രവർത്തിക്കുമെന്നും ഗെലോട്ട് പറഞ്ഞു.