ജയ്‌പൂർ: കോട്ടയിൽ (Kota) വർധിച്ചുവരുന്ന വിദ്യാർഥികളുടെ ആത്മഹത്യ കേസുകളിൽ ആശങ്ക പ്രകടിപ്പിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് (Rajasthan Chief Minister Ashok Gehlot). വിദ്യാർഥികളുടെ ആത്മഹത്യകളെ കുറിച്ച് ചർച്ച ചെയ്യാനും നിർദേശങ്ങൾ നൽകാനുമായി ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചു. ചീഫ് സെക്രട്ടറി ഉഷ ശർമ (Chief Secretary Usha Sharma) ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നുള്ള പ്രതിനിധികൾ, രക്ഷിതാക്കൾ, ഡോക്‌ടർമാർ എന്നിവരും യോഗത്തിൽ പങ്കാളികളായി.
വിഷയത്തിൽ 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മിറ്റിയിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആവശ്യപ്പെട്ടു. ഐഐടി (IIT), നീറ്റ് (NEET) പരീക്ഷാർഥികൾക്കിടയിലെ ആത്മഹത്യ കേസുകളെക്കുറിച്ചുള്ള അവലോകന യോഗത്തിൽ സംസാരിച്ചു. ഈ വർഷം ഇതുവരെ കോട്ടയിൽ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന 20 വിദ്യാർഥികളാണ് ആത്മഹത്യ (suicide) ചെയ്‌തത്. കഴിഞ്ഞ വർഷം 15 പേരായിരുന്നു ആത്മഹത്യ ചെയ്‌തത്.
വിദ്യാർഥികളുടെ ആത്മഹത്യയിൽ മുഖ്യമന്ത്രി (Rajasthan students suicides): 9, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ പഠനഭാരം ഉയർത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രി അശോക് ഗെലോട്ട് (Chief Minister Ashok Gehlot) സംസാരിച്ചത്. ഈ ക്ലാസുകളിലെ വിദ്യാർഥികളെ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (Coaching institutes) ചേർക്കുന്നത് അവർക്ക് അധിക ഭാരമാണ് ഉണ്ടാക്കുന്നത്. കാരണം വിദ്യാർഥികൾക്ക് ബോർഡ് പരീക്ഷ എഴുതേണ്ടി വരുന്നതിനോടൊപ്പം ഈ കോച്ചിങ് കൂടിയാകുമ്പോൾ അവർ സമ്മർദത്തിലാകും. കോച്ചിങ് സെന്‍ററുകളിലേക്ക് 9, 10 ക്ലാസുകളിലെ വിദ്യാർഥികളെ വിളിക്കുന്നതിലൂടെയും മാതാപിതാക്കൾ അവിടേക്ക് കുട്ടികളെ അയക്കുന്നതിലൂടെയും നിങ്ങളും ഒരുവിധത്തിൽ കുറ്റക്കാരാണെന്നും മുഖ്യമന്ത്രി (Chief Minister) ചൂണ്ടിക്കാട്ടി.
ഈ വർഷം കോട്ടയിൽ ആത്മഹത്യ (Suicide) ചെയ്‌ത വിദ്യാർഥികളിൽ 14 പേരും അലൻ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ (Allen institute) നിന്നുള്ളവരാണ്. അത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു പ്രത്യേക സ്ഥാപനത്തെയല്ല താൻ ലക്ഷ്യമിടുന്നതെന്നും എന്നാൽ ആ സ്ഥാപനത്തിൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ നടന്നത് എന്തുകൊണ്ടാണെന്ന് അറിയണമെന്നും ഗെലോട്ട് (Ashok Gehlot) പറഞ്ഞു. കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ 9 അല്ലെങ്കിൽ 10 ക്ലാസുകളിലെ വിദ്യാർഥികളെ കോച്ചിങ്ങിനായി വിളിക്കാറില്ല. എന്നാൽ, മാതാപിതാക്കൾ അവരുടെ കുട്ടികൾക്ക് മികച്ച ഓപ്ഷനുകൾ നൽകാൻ ആഗ്രഹിക്കുന്നതിന്‍റെ ഭാഗമായി ആയിരിക്കണം സ്ഥാപനത്തിലേക്ക് അയക്കുന്നതെന്നും ഇൻസ്റ്റിറ്റ്യൂട്ട് പ്രതിനിധി വ്യക്തമാക്കി.
ഞായറാഴ്‌ച പരീക്ഷക്ക് നിയന്ത്രണം (Restriction on exam in sunday): കുട്ടികൾ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ മുഖ്യമന്ത്രി അശോക് ഗെലോട്ട് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഞായറാഴ്‌ച ദിവസങ്ങളില്‍ പരീക്ഷകള്‍ നടത്തരുതെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രാജസ്ഥാനിലെ കോട്ട ജില്ല ഭരണകൂടം നേരത്തെ മുന്നറിയിപ്പ് നൽകുകയും ചെയ്‌തു. കഴിഞ്ഞ എട്ട് മാസത്തിനിടെ രാജസ്ഥാനിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇരുപതോളം വിദ്യാർഥികളാണ് ആത്മഹത്യ ചെയ്‌തത്. ഇതിന് പിന്നാലെയാണ് ഭരണകൂടത്തിന്‍റെ നടപടി. കുട്ടികള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തരുതെന്നും അവര്‍ ആഗ്രഹിക്കുന്നത് പോലെ ആകട്ടെയെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് അറിയിച്ചു. കലക്‌ടര്‍ ഒപി ബങ്കറിന്‍റെ നേതൃത്വത്തില്‍ പ്രശ്‌നത്തെക്കുറിച്ച് പഠിക്കാന്‍ കോട്ടയില്‍ ഇന്ന് ജില്ല തല യോഗവും ചേര്‍ന്നിരുന്നു.