ഹൈദരാബാദ്: ബിജെപി രാജ്യത്ത് മുസ്‌ലിങ്ങൾക്കെതിരെ വിദ്വേഷത്തിന്‍റെ കൊടുങ്കാറ്റ് സൃഷ്‌ടിക്കുകയാണെന്ന് എഐഎംഐഎം അധ്യഷൻ അസദുദീൻ ഉവൈസി. ഈ സാഹചര്യത്തില്‍ മുസ്‌ലിങ്ങൾ ക്ഷമയും ധൈര്യവും കൈവിടരുത്. ഭരണഘടനയ്ക്കുള്ളിൽ നിന്ന് ഈ അടിച്ചമർത്തലിനെതിരെ പോരാടണമെന്നും ഉവൈസി ഓര്‍മിപ്പിച്ചു. റമദാനിലെ അവസാന വെള്ളിയാഴ്‌ച ഹൈദരാബാദിലെ മക്ക മസ്‌ജിദ് സമീപം നടന്ന പരിപാടിയിലാണ് ഉവൈസിയുടെ ആഹ്വാനം.
ബിജെപി മുസ്‌ലിങ്ങള്‍ക്ക് മേൽ സമ്മർദം ചെലുത്തുകയാണ്. അവർ ഞങ്ങളെ വേദനിപ്പിക്കാൻ ആഗ്രഹിക്കുന്നു. മുസ്‌ലിങ്ങളെക്കൊണ്ട് ആയുധമെടുപ്പിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും ഉവൈസി ആരോപിച്ചു. കേന്ദ്ര സർക്കാരും, ആർഎസ്എസും മുസ്‌ലിം സമുദായത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്ത് ഇവർ സമുദായത്തിനെതിരെ വിദ്വേഷം സൃഷ്‌ടിക്കുകയാണ്. രാജ്യത്തെ ദുർബലപ്പെടുത്തുന്ന ഇത്തരം നടപടികളിൽ നിന്ന് മോദി സർക്കാർ പിൻമാറണമെന്ന് ഉവൈസി ആവശ്യപ്പെട്ടു.
മുസ്‌ലിങ്ങളെ ബഹിഷ്കരിക്കാനാണ് ബിജെപി ആഹ്വാനം ചെയ്യുന്നത്. തങ്ങളുടെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് അവർ പറയുന്നു. നിരവധി സ്ഥലങ്ങളിൽ നിന്ന് തനിക്ക് കോളുകള്‍ ലഭിക്കാറുണ്ടെന്നും ആശങ്കപ്പെടേണ്ട, ധൈര്യമായിരിക്കുക എന്ന് താൻ മറുപടി നൽകാറുണ്ടെന്നും ഒവൈസി പറഞ്ഞു.