മുംബൈ: ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാനെതിരെയുള്ള ലഹരി മരുന്ന് കേസ് അന്വേഷണത്തില്‍ വ്യാപക ക്രമക്കേട് നടന്നതായി നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ(എന്‍സിബി) ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. ഏജന്‍സിയിലെ എട്ട് ഉദ്യോഗസ്ഥര്‍ കേസില്‍ സംശയാസ്‌പദമായ രീതിയില്‍ ഇടപെട്ടതായും റിപ്പോര്‍ട്ടിലുണ്ട്. ഏജന്‍സിയെ പ്രതിക്കൂട്ടിലാക്കുന്നതാണ് എന്‍സിബിയുടെ റിപ്പോര്‍ട്ട്.
ചൊവ്വാഴ്‌ചയാണ്(ഒക്‌ടോബര്‍ 18) എന്‍സിബിയുടെ വിജിലന്‍സ് സംഘം ഡല്‍ഹി ആസ്ഥാനത്ത് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസ് അന്വേഷണത്തില്‍ നിരവധി പോരായ്‌മകളുണ്ടെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മെയ് മാസം ആര്യന്‍ഖാന് ക്ലീന്‍ ചിറ്റ് നല്‍കിയ എന്‍.സി.ബിക്ക് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഉള്‍പ്പെടെയുള്ള ആറ് പേര്‍ക്കെതിരെ തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി എൻസിബിയുടെ മുംബൈ യൂണിറ്റിലെ സോണൽ ഡയറക്‌ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും വിജിലൻസ് സംഘം റിപ്പോർട്ടിൽ ആവശ്യപ്പെട്ടു. കേസില്‍ 65 പേരുടെ മൊഴി എന്‍സിബി രേഖപ്പെടുത്തിയിരുന്നു. 2021 ഒക്‌ടോബര്‍ രണ്ടിനാണ് ക്രൂയിസ് ആഢംബര കപ്പലില്‍ നിന്ന് ആര്യന്‍ ഖാനെയും സംഘത്തെയും അറസ്റ്റ് ചെയ്‌ത ത്.