മുംബൈ : ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ (Drugs on Cruise Case) കുറ്റാരോപിതരായ ആര്യൻ ഖാൻ (Aryan Khan), അർബാസ് മർച്ചന്‍റ് (Arbaaz Merchant), മുൻമുൻ ധമേച്ച (Munmun Dhamecha) എന്നിവർ ഗൂഢാലോചന നടത്തിയതിന് പ്രഥമദൃഷ്ട്യാ തെളിവുകളില്ലെന്ന് ബോംബെ ഹൈക്കോടതി (Bombay High Court). മൂവർക്കും ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിശദമായ ഉത്തരവിലാണ് (detailed order granting bail) ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കുന്നത്.
വാട്ട്‌സ്ആപ്പ് ചാറ്റുകളിൽ ആര്യൻ ഖാനും മറ്റ് പ്രതികളും ചേർന്ന് മയക്കുമരുന്ന് ഇടപാട് സംബന്ധിച്ച് ഗൂഢാലോചന നടത്തിയതായി തെളിയിക്കുന്ന യാതൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ല. എൻസിബി (NCB) രേഖപ്പെടുത്തിയ ആര്യൻ ഖാന്‍റെ കുറ്റസമ്മത മൊഴി അന്വേഷണ ആവശ്യങ്ങൾക്ക് മാത്രമായി പരിഗണിക്കാം. എന്നാല്‍ പ്രതികൾ എൻഡിപിഎസ് നിയമപ്രകാരം (NDPS Act) കുറ്റം ചെയ്തിട്ടുണ്ടെന്ന് അനുമാനിക്കുന്നതിനുള്ള തെളിവായി ഉപയോഗിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് എൻ.ഡബ്ല്യു സാംബ്രെയുടെ (Justice NW Sambre) സിംഗിൾ ബഞ്ച് ഒക്‌ടോബർ 28നാണ് മൂവർക്കും ജാമ്യം അനുവദിച്ചത്. 14 ജാമ്യ വ്യവസ്ഥകൾക്ക് പുറമേ, ഒരു ലക്ഷം രൂപയും തുല്യ തുകയ്ക്കുള്ള ഒന്നോ രണ്ടോ ആൾജാമ്യവും എന്ന വ്യക്തിഗത വ്യവസ്ഥയും ഉൾപ്പെടുത്തിയാണ് വിട്ടയക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ഉത്തരവിന്‍റെ വിശദമായ പകർപ്പ് ശനിയാഴ്ച പുറത്തുവിടുകയായിരുന്നു.