ന്യൂഡൽഹി : രാമക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കുന്നതിനായി മുൻകൂട്ടി നിശ്ചയിച്ച മറ്റ് പരിപാടികള്‍ മാറ്റിവക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്ത് (Arvind Kejriwal received letter on Ayodhya Ceremony). അയോധ്യ ക്ഷേത്രത്തിലെ രാംലല്ലയുടെ പ്രാണ പ്രതിഷ്‌ഠയ്ക്ക് രണ്ടാഴ്‌ച ശേഷിക്കെയാണ് ചടങ്ങിൽ പങ്കെടുക്കുന്നതിനായി അദ്ദേഹത്തിന്‍റെ മറ്റ് പരിപാടികള്‍ മാറ്റിവക്കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങൾക്ക് മുൻപ് കത്ത് ലഭിച്ചത്. ചടങ്ങിലേക്കുള്ള ഔപചാരിക ക്ഷണം ലഭിച്ചാൽ പങ്കെടുക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
എന്നാൽ, ഇതുവരെ ചടങ്ങിലേക്ക് ഔപചാരിക ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് വൃത്തങ്ങളിൽ നിന്നുള്ള വിവരം. അതേസമയം രാമക്ഷേത്ര ഉദ്‌ഘാടന ചടങ്ങിൽ (Ram Mandir inauguration) നിന്നും കോൺഗ്രസ് വിട്ടു നിൽക്കും. ഈ മാസം അവസാനം അയോധ്യയിൽ നടക്കാനിരിക്കുന്ന ബിജെപിയുടെയും ആർഎസ്എസിന്‍റെയും പരിപാടിയാണെന്ന് പറഞ്ഞാണ് കോൺഗ്രസ് ചടങ്ങിൽ നിന്നും വിട്ടു നിൽക്കുന്നത്.
മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, അധീർ രഞ്ജൻ ചൗധരി തുടങ്ങിയവർ ഭഗവാൻ രാം ലല്ലയുടെ 'പ്രാൻ പ്രതിഷ്‌ഠ' ചടങ്ങിലേക്കുള്ള ക്ഷണം ബഹുമാനപൂർവം നിരസിച്ചതായി പാർട്ടി ജനറൽ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു. കഴിഞ്ഞ മാസമാണ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ ഇവർക്ക് ക്ഷണം ലഭിച്ചതെന്നും ജയറാം രമേശ് പ്രസ്‌താവനയിൽ പറഞ്ഞു.
പ്രസ്‌താവനയുടെ പൂർണ രൂപം : രാജ്യത്തെ ദശലക്ഷക്കണക്കിന് ആളുകൾ ആരാധിക്കുന്ന ദൈവമാണ് ഭഗവാൻ ശ്രീരാമൻ. മതം വ്യക്തിപരമായ വിഷയമാണ്. എന്നാൽ ആർഎസ്എസും ബിജെപിയും അയോധ്യ ക്ഷേത്രത്തെ ഒരു രാഷ്ട്രീയ പദ്ധതിയാക്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നേട്ടത്തിനായാണ് അപൂർണമായ ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം ബിജെപിയുടെയും ആർഎസ്എസിന്‍റെയും നേതാക്കൾ നടത്തുന്നത്.
2019ലെ സുപ്രീം കോടതി വിധിയെ മാനിച്ചുകൊണ്ടും ശ്രീരാമനെ ആദരിക്കുന്ന ദശലക്ഷക്കണക്കിന് ആളുകളുടെ വികാരം മാനിച്ചുകൊണ്ടും മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, അധീർ രഞ്ജൻ ചൗധരി തുടങ്ങിയവർ ആർഎസ്എസ്, ബിജെപി പരിപാടിയിലേക്കുള്ള ക്ഷണം ആദരപൂർവം നിരസിച്ചു. ജനുവരി 22 ന് നടക്കുന്ന രാം ലല്ലയുടെ പ്രതിഷ്‌ഠ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും (Prime Minister Narendra Modi). രാമക്ഷേത്ര ഉദ്‌ഘാടന ചടങ്ങ് ജനുവരി 16 മുതൽ ഏഴ് ദിവസം നീണ്ടുനിൽക്കുമെന്നും അധികൃതർ അറിയിച്ചു.
Also Read: അനാരോഗ്യമുണ്ട്, എങ്കിലും അയോധ്യയിലെത്തും; രാമക്ഷേത്ര പ്രതിഷ്‌ഠയില്‍ പങ്കെടുക്കാന്‍ എല്‍ കെ അദ്വാനി