ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ആദ്യ തദ്ദേശീയ ഭാഷാ-വിജ്ഞാന വിദ്യാലയം മുഖ്യമന്ത്രി പെമ ഖണ്ടു ഉദ്ഘാടനം ചെയ്തു. ന്യൂബു നിവ്ഗാം യെർകോ എന്ന പേരിൽ അറിയപ്പെടുന്ന സ്കൂളിന്‍റെ ഉദ്ഘാടനം ശനിയാഴ്ച കിഴക്കൻ കാമെങ് ജില്ലയിൽ നടന്നു. തദ്ദേശീയ പാരമ്പര്യങ്ങൾ, സംസ്കാരം, ഭാഷ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും സ്കൂൾ സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുകുല സമ്പ്രദായത്തിലുള്ള വിദ്യാഭ്യാസമാണ് സ്കൂൾ ലക്ഷ്യമിടുന്നത്.
തദ്ദേശീയ സംസ്കാരങ്ങൾ സംരക്ഷിക്കുന്നതിന് തന്‍റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അതിനായി തദ്ദേശ കാര്യ വകുപ്പ് സ്ഥാപിച്ചതായും അതിനുള്ള വഴികൾ നിർദ്ദേശിക്കണമെന്നും നേതാക്കളോട് പെമ ഖണ്ടു പറഞ്ഞു. സംസ്കാരം, പൈതൃകം, ഭാഷ, ജീവിതരീതി എന്നിവ പഠിപ്പിക്കേണ്ടതുണ്ട്, എന്നിരുന്നാലും ആധുനിക വിദ്യാഭ്യാസം അവഗണിക്കാനാവില്ലെന്നും ഖണ്ടു കൂട്ടിച്ചേർത്തു.
സംരംഭം തുടങ്ങാൻ സഹായിച്ച ഡോണി പോളോ കൾച്ചറൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റിനെയും ഭൂമി സംഭാവന ചെയ്തതിന് പൈ ഡാവെയെയും അദ്ദേഹം പ്രശംസിച്ചു. സ്‌കൂളിന്‍റെ വികസനത്തിനും പരിപാലനത്തിനുമായി മൂന്ന് കോടി രൂപ നീക്കിവച്ചിട്ടുണ്ട്.