ഹൈദരാബാദ് : മനുഷ്യരാശിയില്‍ ഇതിനോടകം തന്നെ വലിയ സ്വാധീനം ചെലുത്തിയിട്ടുള്ള ഒന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (Artificial Intelligence). സര്‍ക്കാര്‍ (Government) സ്വകാര്യ മേഖല സ്ഥാപനങ്ങളെല്ലാം (Private Sector Organisations) തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സില്‍ ശ്രദ്ധ ചെലുത്തേണ്ടതുമുണ്ട്. യുഎസ് (US), ചൈന (China), മറ്റ് വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം (European Nations) എഐ അതിവേഗം വളരുകയാണ്. മാത്രമല്ല എഐയുമായി ബന്ധപ്പെട്ട സുപ്രധാന പദ്ധതികള്‍ അവര്‍ ഏറ്റെടുക്കുന്നുമുണ്ട് (Artificial Intelligence And India).
യുഎഇ (UAE), സൗദി അറേബ്യ (Saudi Arabia) തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളും (Gulf Countries) ഇതില്‍ സജീവമായി ഭാഗഭാക്കാവുന്നുണ്ട്. ഇവര്‍ക്കെല്ലാം ഒപ്പം തന്നെ ഇന്ത്യയും ഡിജിറ്റൽ സാങ്കേതികവിദ്യകൾ സംയോജിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. എന്നാല്‍ ഈ ശ്രമങ്ങൾ ഫലം കാണുന്നുവെന്ന് ഉറപ്പാക്കേണ്ടതാണ് പ്രധാനം. മാത്രമല്ല ഇതിനായി കൂടുതല്‍ സ്രോതസുകള്‍ അനുവദിക്കുകയും വിപുലമായ ഗവേഷണങ്ങള്‍ നടത്തുകയും ആവശ്യമാണ്. ഇക്കാര്യത്തില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്നത് സര്‍ക്കാരാണ്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ വഴിയൊരുക്കിയാല്‍ ഐടി മേഖലയിൽ മികച്ച വിജയം കൈവരിക്കാൻ സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കാവും.
ഇന്ത്യയും മുന്നേറുന്നു : ഇന്ത്യയിലെ സ്വകാര്യ മേഖല സ്ഥാപനമായ റിലയന്‍സ് ഗ്രൂപ്പ്, നിലവില്‍ രാജ്യത്തിന് അനുയോജ്യമായ എഐ മോഡലുകള്‍ വളര്‍ത്തുന്നതിന്‍റെ തിരക്കിലാണ്. എഐ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനായി രണ്ട് എക്സാഫ്ലോപ്പുകളുള്ള എഐ കമ്പ്യൂട്ടിങ് സാധ്യമായ ഒരു കാമ്പസ് ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്. മാത്രമല്ല ടെക് മഹീന്ദ്ര, ഐഐടി മദ്രാസ് തുടങ്ങിയ ഇന്ത്യൻ സ്ഥാപനങ്ങളുമായുള്ള സഹകരണത്തോടെ എഐ മേഖലയില്‍ പ്രത്യേക പദ്ധതികളും പുരോഗമിക്കുന്നുണ്ട്.
ഈ എഐ സാധ്യതകള്‍ക്ക് ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ഗണ്യമായി ഉയർത്താനുള്ള കഴിവുണ്ട്. ഇതിന്‍റെ ഭാഗമായി വരുമാനം ഉയരുകയും, ജനജീവിതം മെച്ചപ്പെടുകയും ചെയ്യും. നേരിട്ടുള്ള ഗവേഷണം, രോഗനിർണയം, രോഗങ്ങളുടെ തീവ്രത അളക്കല്‍, സർക്കാർ പദ്ധതികളിലെ നഷ്‌ടം തടയൽ എന്നിവയുൾപ്പടെയുള്ള വിവിധ മേഖലകളിൽ എഐക്ക് നിരവധി സാധ്യതകളുണ്ട്. അതായത് സിംഗപ്പൂരിൽ സാമ്പത്തിക സൂചകങ്ങൾ തിരിച്ചറിയാനും നെതർലാൻഡിൽ ക്ഷേമ പദ്ധതികള്‍ ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയാനും സർക്കാർ എഐ സാധ്യതകള്‍ ഉപയോഗിച്ചുവരുന്നുണ്ട്.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സംബന്ധിച്ച് ഇന്ത്യ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. എഐ സാങ്കേതികവിദ്യയുടെ ഉപയോഗവും ഈ മേഖലയിലെ വികസനവും ഇന്ത്യയിൽ പരിമിതമാണ്. പുതിയ തലങ്ങള്‍ കണ്ടെത്തുന്നതിന് എഐയിലെ ഗവേഷണത്തിനും വികസനത്തിനും കൂടുതൽ പുരോഗതി അത്യാവശ്യവുമാണ്. മാത്രമല്ല ഈ രംഗത്ത് കാര്യമായ പുരോഗതി കൈവരിക്കാൻ സ്വകാര്യ മേഖല സ്ഥാപനങ്ങൾ മുൻകൈയെടുക്കണം. ഒപ്പം സർക്കാർ മതിയായ പിന്തുണയും നിയന്ത്രണവും വരുത്തേണ്ടതുമുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് മേഖലയില്‍ ഇന്ത്യയ്‌ക്ക് നേതൃസ്ഥാനത്തേക്ക് വരണമെങ്കില്‍ പുതിയ ആപ്ലിക്കേഷനുകള്‍ സ്വതന്ത്രമായി വികസിപ്പിക്കുകയും ആഗോളതലത്തില്‍ സംഭാവന ചെയ്യേണ്ടതായുമുണ്ട്. മറ്റ് രാജ്യങ്ങളുമായുള്ള സഹകരണം ആ രാജ്യങ്ങളിലെ വ്യത്യസ്‌തമായ പ്രശ്‌നങ്ങളും ആവശ്യങ്ങളും ഇന്ത്യയ്ക്ക് വെല്ലുവിളികളും എത്തിക്കും. അതുകൊണ്ടുതന്നെ ഇത്തരം പ്രത്യേക വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഡിജിറ്റൽ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇതിനായി ഗവേഷണത്തിന് ഗണ്യമായ നിക്ഷേപം, വ്യക്തമായ ലക്ഷ്യം, കാര്യക്ഷമമായ വിഭവ വിഹിതം എന്നിവ നിർണായകവുമാണ്.
അടിയന്തരമായി വേണ്ടതെന്തെല്ലാം : വരും ദശകങ്ങളില്‍ രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുള്ള കഴിവ് എഐയ്‌ക്കുണ്ട്. മാത്രമല്ല അടുത്ത ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ ഇന്ത്യയുടെ സാമ്പത്തിക മൂല്യത്തിലേക്ക് ട്രില്യണ്‍ കണക്കിന് ഡോളറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ എഐക്ക് കഴിയുമെന്ന് വിലയിരുത്തപ്പടുത്തുന്നു. അതുകൊണ്ട് പുതിയ സാങ്കേതിക മുന്നേറ്റങ്ങൾ പ്രയോജനപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. അതിനായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ശ്രമം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ആധാർ, യുപിഐ, ഡിജിറ്റൽ ലോക്കർ, കോവിന്‍ പ്ലാറ്റ്‌ഫോം, ഉമംഗ് തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.
ഇന്ത്യൻ ഗവേഷകരും സ്ഥാപനങ്ങളും ബയോമെട്രിക്‌സ്, ഗവേഷണം, സ്‌ത്രീ സുരക്ഷ, ആളെ തിരിച്ചറിയൽ തുടങ്ങിയ മേഖലകളിൽ എഐ ഇതിനോടകം സജീവമായി ഉപയോഗിച്ചുവരികയാണ്. പ്രത്യേകിച്ച് ഇ ഗവേണൻസ് പദ്ധതികളിൽ, എഐയ്‌ക്ക് പൊതുജനങ്ങളെ വിവിധ രീതികളിൽ സേവിക്കാനുമാവും.
ഇന്ത്യയുടെ വികസനത്തിനായി എഐ ആപ്ലിക്കേഷനുകൾ വർധിപ്പിക്കേണ്ടതുണ്ടെന്നും ഒരു ദേശീയ എഐ കമ്പ്യൂട്ടിങ് സെന്‍റർ സ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകതയും അടുത്തിടെ നടന്ന ഒരു മീറ്റിംഗിൽ ഐബിഎം ചെയർമാനും സിഇഒയുമായ അരവിന്ദ് കൃഷ്ണ ചൂണ്ടിക്കാണിച്ചിരുന്നു. മനുഷ്യവിഭവ ശേഷിയുടെ വളര്‍ത്തുതൊട്ടിലായ ഐടി മേഖലയിൽ ഇന്ത്യ പുരോഗതി കൈവരിക്കുകയാണ്. ഇതിന്‍റെ ഭാഗമായി യുവ പ്രൊഫഷണലുകൾ സ്‌റ്റാർട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കുകയും വിവിധ ഡിജിറ്റൽ സേവനങ്ങൾ വാഗ്ദാനവും ചെയ്യുന്നു. അതിനാല്‍ ആഗോള എഐ ചിത്രത്തില്‍ മറ്റ് രാജ്യങ്ങൾക്ക് വഴികാട്ടിയാകാനുള്ള കഴിവ് ഇന്ത്യക്കുണ്ട്.
മോദി സർക്കാർ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ പ്രാധാന്യം തിരിച്ചറിയുകയും സുപ്രധാന നടപടികൾ കൈക്കൊള്ളുകയും ചെയ്തു. എന്നിരുന്നാലും, എഐയുടെ ഉത്തരവാദിത്തവും ധാർമ്മികമായ ഉപയോഗവും ഉൾപ്പെടെയുള്ള വെല്ലുവിളികൾ അവശേഷിക്കുന്നുണ്ട്. മാത്രമല്ല വിവിധ വിഷയങ്ങള്‍ അഭിസംബോധന ചെയ്ത ജി 20 ഉച്ചകോടിയിൽ, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനെക്കുറിച്ചുള്ള ചർച്ചകളും ശ്രദ്ധേയമായിരുന്നു.
ഗുണങ്ങള്‍ ഏറെ, പക്ഷേ : എഐയുടെ സാധ്യതകൾ ശരിക്കും പ്രയോജനപ്പെടുത്തുന്നതിന്, ദുരുപയോഗം തടയുന്നതിനും സ്വകാര്യത സംരക്ഷിക്കുന്നതിനും എല്ലാവർക്കും പ്രവേശനക്ഷമത ഉറപ്പാക്കുന്നതിനും നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടതുമുണ്ട്. കാരണം അധികാരത്തിലിരിക്കുന്നവരെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കാനും പ്രശസ്‌ത കമ്പനികളുടെ മൂല്യം കുറയ്ക്കാനും കുറ്റവാളികൾ നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടാനും ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ദുരുപയോഗം ചെയ്‌തേക്കാം.
അതുകൊണ്ടുതന്നെ എഐയെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതിന് ജാഗ്രതയോടെയുള്ള ബോധവത്കരണ ക്യാമ്പയിനുകള്‍ ആരംഭിക്കുകയും എഐ ദുരുപയോഗം തടയുകയും വേണം. ഈ സമഗ്രമായ സമീപനം എഐയുടെ പ്രയോജനങ്ങൾ എല്ലാവരിലും എത്തുന്നുവെന്ന് ഉറപ്പാക്കും. മാത്രമല്ല ഇത് ഇന്ത്യയെ പുതിയ സാങ്കേതിക യുഗത്തിലേക്കും നയിക്കും.