ബാരാമുള്ള (കശ്മീർ): സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കാനുള്ള എല്ലാ സാധ്യതകളും അടഞ്ഞെന്ന് വ്യക്തമാക്കി മുന്‍ കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്നതിന് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമാണെന്നും അതുകൊണ്ടുതന്നെ ഇതിന്‍റെ പേരില്‍ ജനങ്ങളെ ചൂഷണം ചെയ്യാൻ ഒരു പാര്‍ട്ടികളെയും താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വടക്കൻ കശ്മീരിലെ ബാരാമുള്ളയിലുള്ള ഡാക് ബംഗ്ലാവിൽ നടന്ന പൊതുയോഗത്തിൽ സംസാരിച്ച അദ്ദേഹം പത്ത് ദിവസത്തിനുള്ളില്‍ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും അറിയിച്ചു.
രാഷ്‌ട്രീയ മുതലെടുപ്പ് കശ്മീരിൽ ഒരു ലക്ഷം ആളുകളെ കൊന്നൊടുക്കുകയും അഞ്ച് ലക്ഷം കുട്ടികളെ അനാഥരാക്കുകയും ചെയ്‌തു. കള്ളം പറഞ്ഞ് ചൂഷണം ചെയ്‌ത് താന്‍ വോട്ട് തേടില്ലെന്നും ജനവിധി വേദനിപ്പിച്ചാലും നേടാവുന്നത് മാത്രമേ താന്‍ സംസാരിക്കൂ എന്നും ഗുലാം നബി ആസാദ് പറഞ്ഞു. പത്ത് ദിവസത്തിനുള്ളില്‍ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും ജമ്മു കശ്മീരിലെ പ്രദേശവാസികൾക്ക് സംസ്ഥാന പദവി, ജോലി, ഭൂമി എന്നിവയുടെ സംരക്ഷണം പുനഃസ്ഥാപിക്കുന്നതിന് ജനങ്ങളുടെ പിന്തുണ അഭ്യർത്ഥിക്കുമെന്നും ആസാദ് അറിയിച്ചു.
Also Read: കശ്‌മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനം പിന്‍വലിയ്ക്കണമെന്ന് ഇന്ത്യയോട് ഒഐസി
തന്റെ പേര് പോലെ തന്നെ തന്‍റെ പാര്‍ട്ടിയും അതിന്റെ പ്രത്യയശാസ്ത്രത്തിലും ചിന്തയിലും 'ആസാദ്' (സ്വതന്ത്രം) ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. "എന്റെ പാർട്ടി സ്വതന്ത്രമായിരിക്കും. പാർട്ടിക്ക് ആസാദ് എന്ന പേരിടണമെന്ന് സഹപ്രവർത്തകരിൽ പലരും പറഞ്ഞു. പക്ഷെ ഞാന്‍ അത് സമ്മതിച്ചില്ല". തന്‍റെ പാര്‍ട്ടി മറ്റു പാര്‍ട്ടികളായി ചേരുകയോ ലയിക്കുകയോ ചെയ്യില്ലെന്നും, എന്നാല്‍ തന്‍റെ മരണശേഷം അത് സംഭവിച്ചേക്കാമെന്നും ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വികസനത്തിലൂന്നിയതായിരിക്കുമെന്നും, ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുന്നതായിരിക്കുമെന്നും മുന്‍കാല വികസന പ്രവര്‍ത്തനങ്ങളെ ഓര്‍മിപ്പിച്ച് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, പ്രാദേശികവും ദേശീയവുമായ ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്കും താന്‍ എതിരല്ലെന്നും അതുകൊണ്ടുതന്നെ പാർട്ടി ഭേദമന്യേ പലരും തന്‍റെ സുഹൃത്താണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭയിലെ വിടവാങ്ങല്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ നടത്തിയ പ്രസംഗത്തെയും അദ്ദേഹം പരാമര്‍ശിച്ചു. " ഞാന്‍ ജമ്മു കശ്‌മീര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഗുജറാത്തില്‍ നിന്നെത്തിയ ചില വിനോദസഞ്ചാരികളെ തീവ്രവാദികൾ കൊലപ്പെടുത്തി. അവരുടെ മൃതശരീരവും അത് കെട്ടിപ്പിടിച്ച് കരയുന്ന അവരുടെ കുട്ടികളെയും കണ്ടപ്പോള്‍ ഞാന്‍ വികാരാധീനനായി. കാരണം താനൊരു മനുഷ്യനാണ്" എന്നും അദ്ദേഹം പറഞ്ഞു.
അന്ന് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. സംഭവമറിഞ്ഞ് അദ്ദേഹം പലതവണ വിളിച്ചെങ്കിലും താന്‍ കരയുകയാണെന്നും സംസാരിക്കാന്‍ കഴിയില്ലെന്നും പിഎ അദ്ദേഹത്തെ അറിയിച്ചു. തുടര്‍ന്ന് വൈകുന്നേരം മൃതദേഹങ്ങള്‍ അവരുടെ നാട്ടിലേക്ക് മടക്കിയയക്കാന്‍ നേരം ആ കുട്ടികള്‍ തന്നെ കെട്ടിപ്പിടിച്ച് വീണ്ടും കരഞ്ഞു. അതുകൊണ്ടുതന്നെ മൃതദേഹങ്ങൾ തിരിച്ചയച്ചിരുന്നോ എന്നറിയാന്‍ വിളിച്ച മോദിയോടും താന്‍ കരഞ്ഞുകൊണ്ടാണ് സംസാരിച്ചതെന്നും അദ്ദേഹം പറഞ്ഞു. "അതുകൊണ്ടാണ് ഞാൻ രാജ്യസഭയിൽ നിന്ന് വിരമിച്ചപ്പോൾ മോദി വികാരാധീനനായത്. അദ്ദേഹം ആ സംഭവം ഓർത്തു. അല്ലാതെ ഞാനില്ലാതെ ഭക്ഷണം കഴിക്കില്ലെന്നോ, ഞാനില്ലാതെ ഉറങ്ങില്ലെന്നോ അദ്ദേഹം (മോദി) പറഞ്ഞിട്ടില്ലെന്നും ആസാദ് കോണ്‍ഗ്രസിനെതിരെ ഒളിയമ്പെയ്‌തു.
കശ്മീരിലെ ജനതയുടെ മനുഷ്യത്വത്തെക്കുറിച്ചും ആതിഥ്യ മര്യാദയെക്കുറിച്ചും മോദിയുടെ വാക്കുകളില്‍ അഭിമാനിക്കാമെന്നും എന്നാല്‍ കോൺഗ്രസ് നേതാക്കൾ തന്നോട് ഇതിനെക്കുറിച്ച് ചോദിച്ചിട്ടില്ലെന്നും കാരണം അവര്‍ക്ക് ഹൃദയമില്ലെന്നും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. തന്നെ ഉപയോഗിക്കുകയും തള്ളിക്കളയുകയുമാണവര്‍ ചെയ്‌തത്. എന്നാല്‍ താന്‍ അധിക്ഷേപിച്ച പ്രതിപക്ഷ നേതാക്കൾ തന്‍റെ മനുഷ്യത്വത്തെയും സത്യസന്ധതയെയും ജോലിയെയും ബഹുമാനിച്ചുവെന്നും അതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
ഓഗസ്‌റ്റ് 26 നാണ് രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന 73കാരനായ ആസാദ് കോൺഗ്രസുമായുള്ള അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിക്കുന്നത്. പാർട്ടിയെ "സമഗ്രമായി നശിപ്പിച്ചു" എന്ന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയോട് രാജികത്തിലൂടെ അറിയിച്ചായിരുന്നു അദ്ദേഹം പാര്‍ട്ടി വിട്ടത്. പ്രത്യേകിച്ച് രാഹുൽ ഗാന്ധി ഉള്‍പ്പെട്ട പാർട്ടി നേതൃത്വം കഴിഞ്ഞ ഒമ്പത് വർഷമായി കോണ്‍ഗ്രസ് പാർട്ടിയെ നയിച്ച രീതിയെക്കുറിച്ചും അദ്ദേഹം കത്തില്‍ വിമര്‍ശിച്ചിരുന്നു. സോണിയ ഗാന്ധി നാമമാത്രമായ അധ്യക്ഷ മാത്രമാണെന്നും പല പ്രധാന തീരുമാനങ്ങളുമെടുത്തത് 'രാഹുൽ ഗാന്ധിയോ അല്ലെങ്കിൽ അതിലും മോശമായ അദ്ദേഹത്തിന്റെ സുരക്ഷാ ഗാർഡുകളും പിഎമാരും" ആയിരുന്നെന്നും അഞ്ച് പേജുള്ള രാജികത്തിൽ ആസാദ് കൂട്ടിച്ചേര്‍ത്തിരുന്നു.
Also Read: ഭാരത് ജോഡോ യാത്ര; വിഴിഞ്ഞം സമരക്കാരുമായി രാഹുല്‍ ഗാന്ധിയുടെ കൂടിക്കാഴ്‌ച നാളെ