മുംബൈ : പ്രമുഖ കലാസംവിധായകൻ നിതിൻ ചന്ദ്രകാന്ത് ദേശായി (Nitin Chandrakant Desai) ആത്മഹത്യ ചെയ്‌തു. മഹാരാഷ്‌ട്രയിലെ റായ്‌ഗഡ് ജില്ലയിലെ കർജാത്തിലെ അദ്ദേഹത്തിന്‍റെ സ്വന്തം സ്‌റ്റുഡിയോയായ എൻഡി സ്‌റ്റുഡിയോയില്‍ ഇന്ന് രാവിലെയാണ് കലാസംവിധായകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 57 വയസായിരുന്നു.
ഓഗസ്‌റ്റ് 9ന് തന്‍റെ 58-ാം ജന്മദിനത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് നിതിന്‍ ദേശായി അദ്ദേഹത്തിന്‍റെ ജീവിതം അവസാനിപ്പിച്ച് യാത്രയായത്. സ്‌റ്റുഡിയോയിലെ ഏതാനും ജീവനക്കാരാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ ആദ്യം കണ്ടത്.
തുടര്‍ന്ന് ജീവനക്കാര്‍ അധികൃതരെ അറിയിക്കുകയും പൊലീസ് ഉടന്‍ സംഭവ സ്ഥലത്ത് എത്തിച്ചേരുകയും ചെയ്‌തു. നിതിന്‍ ദേശായിയുടെ ആത്മഹത്യയില്‍ പൊലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. പ്രഥമദൃഷ്ട്യാ ഇത് ആത്മഹത്യ തന്നെയാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. എന്നിരുന്നാലും എല്ലാ കോണുകളിൽ നിന്നും കേസ് അന്വേഷിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ദേശീയ പുരസ്‌കാര ജേതാവ് കൂടിയാണ് അന്തരിച്ച പ്രിയ കലാകാരന്‍. നാല് തവണയാണ് അദ്ദേഹത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. 2009ൽ റിലീസായ 'ജയില്‍' എന്ന സിനിമയിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്.
'ദേവദാസ്', 'ലഗാൻ', 'ഹം ദിൽ ദേ ചുകേ സനം', 'ജോധ അക്ബർ', 'പ്രേം രത്തൻ ധന്‍ പായോ' എന്നിവ ഉൾപ്പെടെയുള്ള നിരവധി ബ്ലോക്ക്ബസ്‌റ്റർ ചിത്രങ്ങൾക്ക് ആഢംബരമായ സെറ്റുകൾ രൂപകൽപ്പന ചെയ്‌ത കലാസംവിധായകനാണ് ദേശായി. ഈ സിനിമകളിലെ കലാസൃഷ്‌ടികളിലൂടെ പ്രശസ്‌തനാണ് അദ്ദേഹം.
30 വർഷത്തിലേറെയുള്ള അദ്ദേഹത്തിന്‍റെ നീണ്ട അഭിനയ കരിയറിൽ വിധു വിനോദ് ചോപ്ര, സഞ്ജയ് ലീല ബൻസാലി, രാജ്‌കുമാർ ഹിറാനി, അശുതോഷ് ഗോവാരിക്കർ തുടങ്ങി നിരവധി സംവിധായകരുമായി ദേശായി അടുത്ത് പ്രവർത്തിച്ചു.
നിതിൻ ദേശായിയുടെ വിയോഗ വാര്‍ത്ത ഞെട്ടലോടെയാണ് സിനിമാലോകം കേട്ടത്. റിതേഷ് ദേശ്‌മുഖ്, സിദ്ധാർഥ ബസു, നീൽ നിതിൻ മുകേഷ്, സംവിധായകന്‍ സഞ്ജയ് ഗുപ്‌ത, പരിനീതി ചോപ്ര തുടങ്ങി നിരവധി ചലച്ചിത്ര പ്രവർത്തകർ അദ്ദേഹത്തിന്‍റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. 'പ്രതിഭ', 'നല്ല ആത്മാവിനുടമ' എന്നിങ്ങനെയാണ് അദ്ദേഹത്തെ പലും വിശേഷിപ്പിച്ചിരിക്കുന്നത്.
കോന്‍ ബനേഗാ ക്രോര്‍പതി, ദസ് കാ ദം എന്നീ ജനപ്രിയ റിയാലിറ്റി ഷോകളില്‍ നിതിന്‍ ദേശായിക്കൊപ്പം പ്രവര്‍ത്തിച്ച ബസുവും അദ്ദേഹത്തിന്‍റെ വിയോഗ വാര്‍ത്തയില്‍ പ്രതികരിച്ചു. തന്‍റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ദേശായിയുടെ വിയോഗം തന്നെ ഞെട്ടിച്ചുവെന്നാണ് ബസു പറയുന്നത്. കെബിസി, കംസോർ കാദി, ഹാർട്ട് ബീറ്റ്, ബ്ലഫ്‌മാസ്‌റ്റര്‍, ദസ് കാ ദം, സച്ച് കാ സാമ്‌ന തുടങ്ങി തങ്ങളുടെ നിരവധി ഷോകൾക്കായി അദ്ദേഹം സെറ്റുകൾ നിര്‍മിച്ചിട്ടുണ്ടെന്നും ബസു ട്വീറ്റ് ചെയ്‌തു.
ദേശായിയുടെ മരണ വാർത്ത അംഗീകരിക്കാൻ കഴിയുന്നില്ലെന്നാണ് നടന്‍ നീൽ പ്രതികരിച്ചത്. 'നമ്മുടെ പ്രിയപ്പെട്ട നിതിൻ ദേശായി തന്‍റെ സ്വർഗീയ വാസസ്ഥലത്തേക്ക് പോയി. ഒരു പ്രതിഭ ആയിരുന്നു അദ്ദേഹം. തന്‍റെ കരവിരുതില്‍ ദീര്‍ഘവീക്ഷണമുള്ള അദ്ദേഹം ആളുകളെയും മനസിലാക്കിയിരുന്നു. എല്ലാവര്‍ക്കും സ്നേഹം മാത്രം നല്‍കുന്ന ഒരു നല്ല ആത്മാവിന് ഉടമയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ കുടുംബത്തിന് ദൈവം ശക്തി നല്‍കട്ടെ. ഓം ശാന്തി' -ഇപ്രകാരമായിരുന്നു നീല്‍ കുറിച്ചത്.