ന്യൂഡല്‍ഹി: നാളെ നടക്കാനിരിക്കുന്ന രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള ഒരുക്കം പൂര്‍ത്തിയാക്കി പശ്ചിമബംഗാളും അസമും. ഇരു സംസ്ഥാനങ്ങളിലുമായി 69 സീറ്റുകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷനും, സംസ്ഥാന ഭരണകൂടങ്ങളും. ഇന്നു വൈകുന്നേരത്തോടു കൂടി ഇലക്ഷന്‍ ഡ്യൂട്ടിക്ക് നിയോഗിച്ചവരെല്ലാം അതത് കേന്ദ്രങ്ങളില്‍ എത്തിയതായി ഇലക്ഷന്‍ കമ്മിഷന്‍ അറിയിച്ചു.
കനത്ത മഴയേയും, മറ്റ് പ്രതികൂല ഘടകങ്ങളെയും അവഗണിച്ചാണ് വോട്ടിങ് ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയാക്കിയിരിക്കുന്നത്. പോളിങ്ങ് ബൂത്തുകള്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തുന്നതിനോടൊപ്പം തന്നെ അന്തര്‍സംസ്ഥാന അതിര്‍ത്തികളും നിരീക്ഷണത്തിലാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അധികൃതര്‍ അറിയിച്ചു.
പോളിങ് സമാധാനപരമായി നടത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി നിലവില്‍ 700 സിഎപിഎഫ് കമ്പനിയെയാണ് പശ്ചിമബംഗാളില്‍ വിന്യസിച്ചിരിക്കുന്നത്. അതേസമയം അസമില്‍ അഞ്ഞൂറ് സിഎപിഎഫ് സേനയെയും വിന്യസിച്ചിട്ടുണ്ട്. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ജനവിധി തേടുന്ന നന്ദിഗ്രാമിലാണ് സംസ്ഥാനത്തെ ഏറ്റവും ശ്രദ്ദേയമായ പോരാട്ടം നടക്കുന്നത്.
മമത ബാനര്‍ജിക്ക് എതിരാളിയായി എത്തുന്നത് ഒരിക്കല്‍ മമതയുടെ വിശ്വസ്‌തനും പിന്നീട് ടിഎംസി വിട്ട് ബിജെപിയിലെത്തിയ സുവേദു അധികാരിയാണ്. 30 സീറ്റുകളിലായി 171സ്ഥാനാര്‍ഥികളാണ് രണ്ടാം ഘട്ടത്തില്‍ ബംഗാളില്‍ നിന്നും ജനവിധി തേടുന്നത്. നാളെ 75,94,549 വോട്ടര്‍മാര്‍ സമ്മതിദാനവകാശം വിനിയോഗിക്കും.
അതേ സമയം അസമില്‍ 39 സീറ്റുകളിലേക്കായി 345 സ്ഥാനാര്‍ഥികളാണ് നാളെ ജനവിധി തേടുന്നത്. അസമില്‍ എന്‍ഡിഎയും കോണ്‍ഗ്രസ് മഹാസഖ്യമായ മഹാജത്തും തമ്മിലുള്ള പോരാട്ടമാണ് നിര്‍ണായകമാവുന്നത്. ബിജെപി(34), കോണ്‍ഗ്രസ് (28), അസം ജതിയ പരിഷത്ത്(19), എഐയുഡിഎഫ്(7), എജിപി (6), ബിപിഎഫ്(4) എന്നിങ്ങനെ സ്ഥാനാര്‍ഥികളെയാണ് മത്സരരംഗത്തേക്കിറക്കുന്നത്.