കൊൽക്കത്ത : പശ്ചിമ ബംഗാൾ വ്യവസായ വകുപ്പ് മന്ത്രി പാർത്ഥ ചാറ്റർജിയുടെ അടുത്ത അനുയായി അർപിത മുഖർജിയുടെ ഫ്ലാറ്റുകളിൽ നിന്നായി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഇതുവരെ കണ്ടെത്തിയത് 49 കോടിയോളം രൂപ. അർപിതയുമായി ബന്ധമുള്ള സ്ഥലങ്ങളിൽ ബുധനാഴ്‌ച ആരംഭിച്ച തിരച്ചിൽ വ്യാഴാഴ്‌ച രാവിലെയാണ് അവസാനിച്ചത്. ബെൽഗാരിയയിലെ ഫ്ലാറ്റിൽ നിന്നും കണ്ടെടുത്ത 29 കോടിയോളം രൂപ 10 ട്രങ്കുകളിലാക്കിയാണ് ഇഡി മടങ്ങിയത്.
നോർത്ത് 24 പർഗാനാസിലെ ബെൽഗാരിയ ക്ലബ് ടൗണിലുള്ള അമ്മയുടെ ഫ്ലാറ്റിലുൾപ്പെടെ നാല് സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. നേരത്തെ ദക്ഷിണ കൊൽക്കത്തയിലെ ഫ്ലാറ്റിൽ നിന്നും 20 കോടി രൂപ കണ്ടെത്തിയിരുന്നു.
ബെൽഗോറിയയിലെ രത്തല പ്രദേശത്തെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ നിരവധി സുപ്രധാന രേഖകളും കണ്ടെത്തിയതായി ഉദ്യോഗസ്ഥൻ പറഞ്ഞു. മൂന്ന് നോട്ടെണ്ണൽ യന്ത്രങ്ങൾ കൊണ്ടുവന്നാണ് കണ്ടെടുത്ത പണം എണ്ണിത്തിട്ടപ്പെടുത്തിയത്. അർപിതയുടെ ഫ്ലാറ്റുകളിൽ നിന്നായി ആകെ 20 ഫോണുകളും കണ്ടെടുത്തിട്ടുണ്ടെന്നും അവയുടെ ഉദ്ദേശ്യവും ഉപയോഗവും എന്തായിരുന്നുവെന്ന് പരിശോധിച്ചുവരികയാണെന്നും ഇഡി വ്യക്തമാക്കി.
പണത്തിന് പുറമെ, നിരവധി രേഖകൾ, സംശയാസ്‌പദമായ കമ്പനികളുടെ വിശദാംശങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വിദേശ കറൻസി, സ്വർണം എന്നിവയും പല സ്ഥലങ്ങളിൽ നിന്നായി കണ്ടെടുത്തു. അർപിതയുടെ ഫ്ലാറ്റുകളിൽ അവരുടെ പേരിൽ 11,819 രൂപയുടെ മെയിന്‍റനൻസ് കുടിശ്ശികയുടെ നോട്ടിസ് പതിച്ചിരുന്നു.
ദക്ഷിണ കൊൽക്കത്തയിലെ ഫ്ലാറ്റിൽ നിന്ന് കണക്കിൽപ്പെടാത്ത 20 കോടിയിലധികം രൂപ കണ്ടെത്തിയതിന് പിന്നാലെ ജൂലൈ 23നാണ് അർപിത മുഖർജിയെ ഇഡി അറസ്റ്റ് ചെയ്‌തത്. അർപിത ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുവെന്നും എന്നാൽ മന്ത്രി പാർത്ഥ ചാറ്റർജി വിമുഖത കാണിക്കുന്നുവെന്നും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സർക്കാർ സ്‌കൂളുകളിലെയും, എയ്‌ഡഡ് സ്‌കൂളുകളിലെയും ഗ്രൂപ്പ്-സി, ഡി സ്റ്റാഫുകളുടെയും അധ്യാപകരുടെയും റിക്രൂട്ട്‌മെന്‍റിൽ നടന്നതായി പറയപ്പെടുന്ന ക്രമക്കേടുകൾ കൊൽക്കത്ത ഹൈക്കോടതിയുടെ നിർദേശപ്രകാരം സിബിഐ അന്വേഷിച്ചുവരികയാണ്. പാർത്ഥ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് ക്രമക്കേടുകൾ നടന്നതായി ആരോപണം ഉയർന്നത്.