കൊൽക്കത്ത : ബംഗാൾ വിദ്യാഭ്യാസ വകുപ്പിലെ തൊഴിൽ നിയമന അഴിമതി കേസില്‍ അറസ്റ്റിലായ അർപിത മുഖർജി കടുത്ത മാനസിക സമ്മർദത്തിലാണെന്ന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് വൃത്തങ്ങൾ. അറസ്റ്റിനിപ്പുറം അമ്മയടക്കമുള്ളവര്‍ സന്ദര്‍ശിക്കാന്‍ എത്താത്തതിന്‍റെ പ്രയാസം അവരെ വേട്ടയാടുകയാണെന്ന് ജയിലധികൃതര്‍ പറയുന്നു. നിലവിൽ അലിപ്പൂർ വിമൻസ് കറക്ഷണൽ ഹോമിലാണ് അർപിതയുള്ളത്.
ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി നേരത്തെ അര്‍പിത ഇഡിയുടെ കസ്റ്റഡിയിലായിരുന്നു. ജൂലൈ 23 നാണ് അര്‍പിത പിടിയിലാകുന്നത്. ഇവരുടെ വിവിധ ഫ്ളാറ്റുകളില്‍ നിന്നായി എന്‍ഫോഴ്‌സ്‌മെന്‍റ് അധികൃതര്‍ 50 കോടി രൂപയോളം രൂപ പിടിച്ചെടുത്തിരുന്നു. ബംഗാള്‍ മുന്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ അറസ്റ്റിന് പിന്നാലെയാണ് അര്‍പിത പിടിയിലാകുന്നത്. ആദ്ദേഹത്തിന്‍റെ അടുത്ത സുഹൃത്തായിരുന്നു അര്‍പിത.
ജയിൽ ജീവിതത്തിന്‍റെ തുടക്കത്തിൽ അർപിതയെ കാണാൻ സുഹൃത്തുക്കൾ എത്തിയിരുന്നു. പക്ഷേ, ഈയിടയായി ആരും അർപിതയെ കാണാൻ എത്തുന്നില്ല. അമ്മയും ഒരിക്കൽപോലും അർപിതയെ കാണാൻ ജയിലിൽ എത്തിയിട്ടില്ല. അഭിഭാഷകൻ മുഖേന പലതവണ അമ്മയോട് സംസാരിക്കാൻ അർപിത ശ്രമിച്ചിരുന്നെങ്കിലും അവര്‍ കൂട്ടാക്കിയില്ല. അമ്മയോട് സംസാരിക്കാൻ കഴിയാത്തത് അർപിതയെ ഏറെ ദുഖത്തിലാഴ്‌ത്തിയിരിക്കുന്നുവെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
പശ്ചിമ ബംഗാളിലെ സർക്കാർ സ്‌കൂളുകളിലെയും, എയ്‌ഡഡ് സ്‌കൂളുകളിലെയും ഗ്രൂപ്പ്-സി, ഡി സ്റ്റാഫുകളുടെയും അധ്യാപകരുടെയും റിക്രൂട്ട്‌മെന്‍റിൽ അഴിമതി നടന്നുവെന്നായിരുന്നു ആരോപണം. പാർഥ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരിക്കെയാണ് ക്രമക്കേടുകൾ നടന്നതായി ആരോപണം ഉയർന്നത്. ഉദ്യോഗാർഥികളിൽ നിന്ന് വൻ തുക കോഴ വാങ്ങി ക്രമക്കേട് നടത്തിയെന്നാണ് കേസ്.