ജയ്‌പൂർ : സേനയെ കുറിച്ചുള്ള തന്ത്രപ്രധാന വിവരങ്ങൾ വനിത പാകിസ്ഥാൻ ഏജന്‍റിന് ചോർത്തി നൽകിയതിന് സൈനികൻ അറസ്റ്റിൽ. ജോധ്‌പൂരിൽ ഗണ്ണർ ആയ ഉത്തരാഖണ്ഡ് സ്വദേശി പ്രദീപ് കുമാർ ആണ് പിടിയിലായത്. ഇയാൾ കുറച്ചുനാളുകളായി പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസിയുടെ വനിത ഏജന്‍റുമായി ബന്ധപ്പെട്ടിരുന്നു. ദിവസങ്ങളോളം പ്രദീപ് കുമാറിന്‍റെ നീക്കം നിരീക്ഷിച്ച ശേഷമാണ് അറസ്റ്റ് ചെയ്‌തതെന്ന് ഇന്‍റലിജൻസ് ഡിജി ഉമേഷ് മിശ്ര പറഞ്ഞു.
ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവ വഴിയാണ് പാകിസ്ഥാൻ ഏജന്‍റിന് പ്രദീപ് കുമാർ വിവരങ്ങൾ കൈമാറിയിരുന്നത്. മെയ് 18ന് ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്ത പ്രതിയെ തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് വർഷം മുൻപാണ് പ്രദീപ് കുമാർ സൈന്യത്തിൽ ചേർന്നത്.
ആറ് മാസങ്ങൾക്ക് മുൻപ് പ്രദീപിന്‍റെ ഫോണിലേക്ക് ഒരു യുവതിയുടെ കോൾ വന്നിരുന്നു. ബാംഗ്ലൂരിലെ മിലിട്ടറി നഴ്‌സിങ് സർവീസ് വർക്കറാണെന്നായിരുന്നു യുവതി സ്വയം പരിചയപ്പെടുത്തിയത്. യുവതി പ്രദീപ് കുമാറിനെ വിവാഹം ചെയ്യാമെന്ന് വാഗ്‌ദാനം നൽകുകയും ഡൽഹിയിൽ വച്ച് കണ്ടുമുട്ടാൻ നിർബന്ധിക്കുകയും ചെയ്‌തു.
ഹണി ട്രാപ്പിൽ കുടുങ്ങിയ പ്രദീപ് കുമാറിൽ നിന്നും സമൂഹ മാധ്യമങ്ങൾ വഴി രഹസ്യ വിവരങ്ങളും രേഖകളും യുവതി കൈക്കലാക്കുകയായിരുന്നു. 1923ലെ ഒഫീഷ്യൽ സീക്രട്ട്‌സ് ആക്‌ട് പ്രകാരം പ്രദീപ് കുമാറിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉമേഷ് മിശ്ര പറഞ്ഞു.