കൊഹിമ: നാഗാലാൻഡിൽ കലാപ വിരുദ്ധ ഓപ്പറേഷനിൽ 13 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് സൈന്യം. നിർഭാഗ്യകരമായ സംഭവം എന്നാണ് സൈന്യം ഇതിനെ വിശേഷിപ്പിച്ചത്. സാധാരണക്കാർക്ക് ജീവഹാനിയുണ്ടാക്കാൻ ഇടയായ സംഭവം കോർട്ട് ഓഫ് എൻക്വയറി നടത്തുമെന്നും നിയമപ്രകാരം ഉചിതമായ നടപടി സ്വീകരിക്കുമെന്നും സൈന്യം പ്രസ്താവനയിൽ പറഞ്ഞു.
പ്രദേശത്ത് കലാപകാരികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടത്തിയതെന്നും സൈന്യം പറഞ്ഞു. സംഭവത്തെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനെയും കരസേനാ മേധാവി ജനറൽ എംഎം നരവാനെയെയും അറിയിച്ചിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ശനിയാഴ്‌ച വൈകുന്നേരം ഒട്ടിങ്-തിരു റോഡില്‍ വച്ചാണ് വെടിവയ്പ്പുണ്ടായത്. സമീപത്തുള്ള കല്‍ക്കരി ഖനിയില്‍ ദിവസ വേതനക്കാരായ ഗ്രാമീണര്‍ പിക്കപ്പ് ട്രാക്കില്‍ വീടുകളിലേക്ക് മടങ്ങുകയായിരുന്നു. എന്‍എസ്‌സിഎന്‍ (കെ) ആയുധധാരികളെന്ന് തെറ്റിദ്ധരിച്ച് സുരക്ഷ സേന ഇവര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു.
വെടിവയ്‌പ്പില്‍ ആറ് പേര്‍ ശനിയാഴ്‌ച വൈകുന്നേരവും പരിക്കേറ്റ ഏഴ് പേര്‍ ഞായറാഴ്‌ച രാവിലെയുമായി മരണപ്പെട്ടുവെന്ന് കോണ്യാക്ക് ഗോത്ര നേതാക്കള്‍ അറിയിച്ചു. 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും രണ്ട് പേരെ കാണാനില്ലെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു.
ഒട്ടിങില്‍ പ്രദേശവാസികള്‍ കൊല്ലപ്പെട്ട സംഭവം അപലപനീയമെന്ന് പ്രതികരിച്ച മുഖ്യമന്ത്രി നെയ്‌ഫു റിയോ സംഭവത്തില്‍ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കുമെന്ന് വ്യക്തമാക്കിയ അദ്ദേഹം എല്ലാവരും സമാധാനം പാലിക്കണമെന്നും അഭ്യര്‍ഥിച്ചു.