കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ ആയുധങ്ങളും വെടികോപ്പുകളുമായി മൂന്ന് പേര്‍ അറസ്റ്റില്‍. മണിക്‌ചക് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശങ്കര്‍തോല ഗ്രാമത്തിലാണ് സംഭവം. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ പ്രത്യേക ദൗത്യ സംഘവും പൊലീസും നടത്തിയ റെയ്‌ഡിലാണ് ആയുധ ശേഖരം കണ്ടെത്തിയത്. പിടിയിലായവരില്‍ നിന്നും അഞ്ച് 7എംഎം പിസ്റ്റളുകളും, 90 വെടിയുണ്ടകളും പിടിച്ചെടുത്തു.
അറസ്റ്റിലായവരില്‍ രണ്ട് പേര്‍ മാള്‍ഡയിലെ റാതുവ മേഖലയില്‍ നിന്നും ഒരാള്‍ ബിഹാറിലെ കൈയ്‌തര്‍ സ്വദേശിയുമാണ്. ബിഹാറിലെ മുന്‍ഗറില്‍ നിന്നാണ് ആയുധങ്ങള്‍ കടത്തിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പ്രതികള്‍ ഒന്നുകില്‍ കുറ്റകൃത്യം നടത്താനുള്ള പദ്ധതിയാവാം അല്ലെങ്കില്‍ ആയുധങ്ങള്‍ മറ്റെവിടേക്കെങ്കിലും കടത്താനാവാമെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.