ന്യൂഡല്‍ഹി: സായുധ സേന പതാക ദിനം ഡിസംബര്‍ മുഴുവന്‍ ആചരിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ജീവത്യാഗം ചെയ്‌ത ധീര സൈനികര്‍ക്ക് ആദരവ് സമര്‍പ്പിക്കുന്നതിന്‍റെ ഭാഗമായി സായുധ സേന പതാക ദിന ഫണ്ടിലേക്ക് (എഎഫ്‌എഫ്‌ഡിഎഫ്) സംഭാവന ചെയ്യണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും സൈനിക ബോര്‍ഡും ഡിസംബര്‍ മുഴുവന്‍ സായുധ സേന പതാക ദിനം ആചരിക്കുമെന്നും രക്തസാക്ഷികളായ സൈനികരുടെ കുടുംബത്തെ പിന്തുണക്കേണ്ടത് രാജ്യത്തെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എല്ലാ വര്‍ഷവും ഡിസംബര്‍ 7ാം തീയതിയാണ് രാജ്യം സായുധ സേന പതാക ദിനം ആചരിച്ചു വരുന്നത്. എന്നാല്‍ ഇപ്രാവശ്യം ഡിസംബര്‍ മാസം മുഴുവനായാണ് ആഘോഷം. എഎഫ്‌എഫ്‌ഡിഎഫ് വഴി സ്വരൂപിക്കുന്ന പണം സൈനിക, വിമുക്ത ഭടന്‍മാരുടെ ക്ഷേമത്തിനായും, ഏറ്റുമുട്ടലില്‍ പരിക്കേറ്റ സൈനികരുടെ പുനരധിവാസത്തിനുമായാണ് ചെലവഴിക്കുന്നത്. സംഭാവന നല്‍കുന്നവര്‍ക്ക് ചെറിയ പതാകകള്‍ നല്‍കുന്ന പതിവും നിലവിലുണ്ട്.