മെൽബണ്‍: കിങ്, റണ്‍ മെഷീൻ, ഇതിഹാസം, ലോകക്രിക്കറ്റിൽ പകരം വയ്‌ക്കാനില്ലാത്ത ഒരേ ഒരു രാജാവിന് നാളെ 34-ാം പിറന്നാൾ. ഇടയ്‌ക്ക് മൂന്ന് വർഷത്തോളം ഒന്ന് മങ്ങിയപ്പോൾ കാലം കഴിഞ്ഞു, ഇനിയൊരു തിരിച്ചുവരവില്ല എന്ന് പറഞ്ഞവർക്കു മുന്നിൽ നെഞ്ചും വിരിച്ച് താൻ തന്നെയാണ് ക്രിക്കറ്റിലെ രാജാവ് എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് മാസ് റീ എൻട്രി നടത്തിയാണ് കോലി ഇപ്പോൾ ടി20 ലോകകപ്പിൽ ബോളർമാരുടെ പേടി സ്വപ്‌നമായി മാറിയിരിക്കുന്നത്.
2019 നവംബർ 23 ന് ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിയ ശേഷമുള്ള മൂന്ന് വർഷക്കാലം, ഏകദേശം 1021 ദിവസം കോലിയുടെ ജീവിതത്തിലെ കറുത്ത അധ്യായമായിരുന്നു. നീണ്ട പത്ത് വർഷക്കാലം ഇന്ത്യൻ ബാറ്റിങ്ങിന്‍റെ നട്ടെല്ലായിരുന്ന കോലി എന്ന താരം കെട്ടിപ്പൊക്കിയ പലതും നഷ്‌ടപ്പെടുന്ന കാഴ്‌ചയാണ് പിന്നീട് കാണാനായത്. ടീമിലെ സ്ഥാനം ചോദ്യം ചെയ്യപ്പെട്ടു. കടുത്ത ആരാധകരുടെ പോലും വിമർശനങ്ങൾ നേരിടേണ്ടി വന്നു.
ഇതോടെ കോലി എന്ന യുഗം അവസാനിച്ചു എന്നുപോലും പലരും വിധിയെഴുതി. പക്ഷേ കാലം കാത്തുവച്ചത് മറ്റൊന്നായിരുന്നു. രണ്ട് മാസം നീണ്ട വിശ്രമത്തിനൊടുവിൽ ഏഷ്യ കപ്പ് ടീമിലേക്കെത്തിയ കോലി തനിക്ക് നേരെ ഉയർന്ന വിമർശനങ്ങൾക്ക് ബാറ്റുകൊണ്ടുതന്നെ മറുപടി നൽകി. ഏഷ്യ കപ്പിലെ ഇന്ത്യയുടെ അവസാന മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെതിരെ തകർപ്പൻ സെഞ്ച്വറി. അതൊരു വെളിപ്പെടുത്തലായിരുന്നു. രാജാവ് തിരികെയെത്തി എന്ന വെളിപ്പെടുത്തൽ.
രാജാവ് വീണാൽ രാജ്യം വീണു: ഏഷ്യ കപ്പിലെ ഫോം തന്നെ കോലി ടി20 ലോകകപ്പിലും തുടർന്നുകൊണ്ടിരിക്കുന്നു. കളിച്ച നാല് മത്സരങ്ങളിലും മൂന്നിലും അർധ സെഞ്ച്വറി. മൂന്നിലും ഇന്ത്യക്ക് വിജയം. ഇടക്ക് ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ കോലി ഒന്ന് പതറി. അവിടെ ഇന്ത്യയും പതറി. കോലി കളിച്ചാൽ ഇന്ത്യ വിജയിക്കും എന്ന സ്ഥിതിയാണ് നിലവിലെ ലോകകപ്പിലെ ഗ്രൂപ്പ് സ്റ്റേജിൽ കണ്ടുകൊണ്ടിരിക്കുന്നത്.
സച്ചിന്‍റെ റെക്കോഡുകൾ ആര് തിരുത്തിക്കുറിക്കും എന്ന ചോദ്യത്തിന് സാക്ഷാൽ സച്ചിൻ നൽകിയ ഉത്തരം വിരാട് കോലി എന്നായിരുന്നു. ലോകക്രിക്കറ്റിലെ ഏറെക്കുറെ എല്ലാ റെക്കോഡുകളും കോലി തന്‍റെ പേരിലാക്കിക്കഴിഞ്ഞു. ഏറ്റവുമൊടുവിൽ ടി20 ലോകകപ്പിൽ ഏറ്റവുമധികം റണ്‍സ് നേടിയ താരം എന്ന റെക്കോഡും കോലി തന്നിലേക്കെത്തിച്ചു.
നിലവിൽ 71 അന്താരാഷ്ട്ര സെഞ്ച്വറികളുമായി സെഞ്ച്വറികളുടെ എണ്ണത്തിൽ സച്ചിന് പിറകിൽ രണ്ടാം സ്ഥാനത്താണ് കോലി. ഈ ഫോം തുടരുകയാണെങ്കിൽ ഒരു പക്ഷേ മൂന്ന് വർഷത്തിനകം തന്നെ കോലി സെഞ്ച്വറിയിൽ സെഞ്ച്വറിയുമായി ഒന്നാമതെത്തിയേക്കും. അതിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകവും ആരാധകരും.
കോലി പഴയ കോലിയല്ല: നിലവിൽ ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലുള്ള കോലി പഴയ കോലിയല്ല എന്നാണ് ആരാധകർ പലരും വ്യക്‌തമാക്കുന്നത്. ഒരു കാലത്ത് ചൂടൻ സ്വഭാവക്കാരനായിരുന്ന താരം ഇപ്പോൾ ആരാധകർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നു എന്നാണ് ഓസ്‌ട്രേലിയയിൽ നിന്നുള്ള റിപ്പോർട്ടുകൾ. മത്സരത്തിന് ശേഷം ആരാധകരുമായി സംവദിക്കുക, ഫോട്ടോയ്‌ക്ക് പോസ് ചെയ്യുക, ഓട്ടോഗ്രാഫ് നൽകുക തുടങ്ങി തന്‍റെ അടുത്തെത്തുന്ന ആരെയും താരം നിരാശരാക്കുന്നില്ല.
അഡ്‌ലെയ്‌ഡിൽ കളി കാണാൻ വന്ന കാൻബെറയിൽ നിന്നുള്ള ഒരു ഇന്ത്യൻ ആരാധകൻ തന്‍റെ അനുഭവം വിവരിച്ചു. 'ഞങ്ങൾ കോലിയെ ഒരു കോഫി ഷോപ്പിൽ ചില സപ്പോർട്ട് സ്റ്റാഫുകളോടൊപ്പം കണ്ടു. കോലിയോട് സംസാരിക്കണമെന്ന് ഉണ്ടെങ്കിലും താരത്തിന്‍റെ പ്രതികരണം എങ്ങനെയാകും എന്നറിയാത്തതിനാൽ ഞങ്ങൾ കുറച്ച് മാറി നിന്നു. പക്ഷേ അത്ഭുതമെന്ന് പറയട്ടെ കോലി ഞങ്ങളെ വിളിച്ച് ഞങ്ങളോടൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്‌തു'.
ഓസ്ട്രേലിയയിൽ എത്തിയ മാധ്യമപ്രവർത്തകരിൽ പരിചിതമായ മുഖങ്ങൾ കണ്ടാൽ കോലി അവരെ പുഞ്ചിരിയോടെ അഭിവാദ്യം ചെയ്യുകയും അവരുടെ ക്ഷേമം അന്വേഷിക്കുകയും ചെയ്യുമെന്ന് പല മാധ്യമപ്രവർത്തകരും വ്യക്‌തമാക്കിയിരുന്നു. കൂടാതെ മാധ്യമ പ്രവർത്തകരെ വിളിച്ച് ഫോട്ടോയ്‌ക്ക് പോസ് ചെയ്യാനും താരം സമയം കണ്ടെത്തുന്നുണ്ട്.