ന്യൂഡല്‍ഹി: സഭക്ക് അകത്ത് പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചതില്‍ മാപ്പ് പറയാന്‍ തയ്യാറായാല്‍ പ്രതിപക്ഷ എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നത് പരിഗണിക്കാമെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി. പ്രതിപക്ഷ എംപിമാരുടെ സസ്പെന്‍ഷനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു പാര്‍ലമെന്‍ററികാര്യ മന്ത്രിയുടെ പ്രതികരണം. പാര്‍ലമെന്‍റിനകത്ത് ബഹളമുണ്ടാക്കിയതിനും ചട്ടവിരുദ്ധമായ പെരുമാറ്റത്തിന്‍റെയും പേരില്‍ ഇരുപത് രാജ്യസഭ പ്രതിപക്ഷ എംപിമാരെയും നാല് ലോക്സഭ പ്രതിപക്ഷ എം.പിമാരെയുമാണ് സ്പീക്കര്‍ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്.
കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ കൊവിഡ് രോഗമുക്തയായി മടങ്ങിയെത്തിയതിനെത്തുടര്‍ന്ന് വിലക്കയറ്റമുള്‍പ്പടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായിരുന്നുവെന്നും പ്രഹ്ളാദ് ജോഷി അറിയിച്ചു. എന്നാല്‍ ഇന്ന് അത് ചര്‍ച്ച ചെയ്യാമെന്ന് പ്രതിപക്ഷം ആവശ്യപ്പെടേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. "അവര്‍ മാപ്പ് പറയാന്‍ തയ്യാറാവുകയും, തുടര്‍ന്ന് സഭക്ക് അകത്ത് പ്ലക്കാര്‍ഡുകള്‍ കൊണ്ടുവരില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്യുന്നപക്ഷം അവരുടെ സസ്പെന്‍ഷന്‍ ചെയര്‍ പിന്‍വലിക്കുമായിരുന്നു" എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, രാജ്യസഭയില്‍ നിന്ന് സസ്പെൻഡ് ചെയ്ത ഇരുപത് പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്‍റ് കോംപ്ലക്സിനകത്ത് 50 മണിക്കൂര്‍ നീണ്ട പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ഗാന്ധി പ്രതിമക്ക് മുന്നില്‍ റിലേ സത്യഗ്രഹം തുടരുന്ന ഇവര്‍ രാത്രിയും ഇവിടെ തങ്ങുമെന്ന് സസ്പെന്‍ഷനിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡോള സെന്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഏഴ് തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍, ആറ് ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) എംപിമാര്‍, തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആര്‍എസ്) മൂന്ന് എംപിമാര്‍, രണ്ട് സിപിഐഎം എംപിമാര്‍, സിപിഐയുടെയും ആം ആദ്മി പാര്‍ട്ടിയുടെയും ഓരോ എംപിമാര്‍ വീതം ഇതുപത് എംപിമാരെയാണ് രാജ്യസഭയില്‍ നിന്ന് സസ്പെൻഡ് ചെയ്തിട്ടുള്ളത്. ഇതുകൂടാതെ ലോക്സഭയില്‍ നിന്ന് കോണ്‍ഗ്രസിന്‍റെ നാല് എംപിമാര്‍ക്കും സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു.