അമരാവതി: കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ ആന്ധ്രാപ്രദേശിലെ ആകെ രോഗബാധിതരുടെ എണ്ണം 9 ലക്ഷം കടന്നു. ഇന്ന് 993 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഒന്നരക്കോടി ടെസ്റ്റുകൾ പൂര്‍ത്തിയാക്കിയതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് പോസിറ്റീവ് കേസുകൾ 9,00,805 ആയി. 5.98 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനിടയിൽ 480 കോവിഡ് രോഗികൾ സുഖം പ്രാപിച്ചപ്പോൾ മൂന്ന് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. ആകെ രോഗമുക്തി 8,86,978 ആയപ്പോൾ 6,614 കേസുകൾ സജീവമായി തുടരുന്നു.
ചിറ്റൂർ 179, കൃഷ്ണ 176, വിശാഖപട്ടണം 169 എന്നിങ്ങനെയാണ് കേസുകൾ. ശേഷിക്കുന്ന ഒൻപത് ജില്ലകളിൽ 50 ൽ താഴെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ അതിൽ മൂന്നെണ്ണം 20 ൽ താഴെ മാത്രമാണ്. ഗുണ്ടൂർ, കൃഷ്ണ, വിശാഖപട്ടണം എന്നിവിടങ്ങളിൽ ഒരു ദിവസം ഓരോ മരണങ്ങൾ വീതം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കഴിഞ്ഞ നവംബറിന് ശേഷം രോഗവ്യാപനം നിയന്ത്രണവിധേയമായിരുന്നു. ഫെബ്രുവരിയില്‍ ഒരു ഘട്ടത്തിൽ കേസുകളുടെ എണ്ണം 300 ലേക്ക് എത്തിയിരുന്നു. ഫെബ്രുവരി 15 ന് സംസ്ഥാനത്ത് 30 പുതിയ കേസുകൾ മാത്രമാണ് രേഖപ്പെടുത്തിയത്. ഇത് 10 മാസത്തിനിടെ ഒരു ദിവസത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 8,797 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യ്തു. ഈ മാസത്തെ അവസാന ആഴ്ചയിൽ 6,269 പേര്‍ക്കാണ് രോഗബാധ.