മുംബൈ: രാജ്യത്ത് സിനിമകളെ ലക്ഷ്യം വെച്ചുള്ള ബഹിഷ്‌കരണ സംസ്‌കാരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര വാർത്തവിനിമയ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) ഫിലിം ഫെസ്റ്റിവെലിന്‍റെ ഇന്ത്യയിലെ ആദ്യ പതിപ്പിന്‍റെ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ടൈഗർ ഷ്രോഫ്, ഹേമമാലിനി എന്നിവ ഫെസ്റ്റിവലിന്‍റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
സൗത്ത് മുംബൈയിലെ എൻസിപിഎയിൽ അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഫിലിം ഫെസ്‌റ്റിവെല്ലിൽ എസ്‌സിഒ അംഗരാജ്യങ്ങളിൽ നിന്നുള്ള 58 സിനിമകൾ പ്രദർശിപ്പിക്കും. ഉദ്ഘാടന ചിത്രമായി പ്രിയദർശൻ സംവിധാനം ചെയ്‌ത ‘അപ്പാത്ത’ പ്രദർശിപ്പിച്ചു. ചിത്രത്തിന്‍റെ ആദ്യ പ്രദർശനം കൂടിയാണ് ഫിലിം ഫെസ്റ്റിവലിൽ നടന്നത്. ദേശീയ പുരസ്‌കാര ജേതാവായ പ്രിയദർശൻ സംവിധാനം ചെയ്‌ത തമിഴ് ചിത്രമാണിത്. നടി ഉർവശിയുടെ എഴുന്നൂറാം ചിത്രവും കൂടിയാണ് ‘അപ്പാത്ത’.
2001 ജൂണിൽ ഷാങ്ഹായിൽ ആരംഭിച്ച എസ്‌സിഒയ്ക്ക് ചൈന, റഷ്യ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഇന്ത്യ, പാകിസ്ഥാൻ തുടങ്ങി എട്ട് മുഴുവൻ അംഗങ്ങളുണ്ട്. അതേസമയം പ്രാദേശിക അന്തർദേശീയ സിനിമകൾക്കിടയിലുള്ള അതിർവരമ്പ് മങ്ങിയതായും അതിന്‍റെ സാന്നിധ്യം അനുഭവപ്പെടുന്ന തരത്തിലുള്ള നല്ല ഉള്ളടക്കം സൃഷ്‌ടിക്കേണ്ടതിന്‍റെ ആവശ്യകതയുണ്ടെന്നും അനുരാഗ് താക്കൂർ വ്യക്‌തമാക്കി.
രാജ്യത്തിന്‍റെ പ്രതിച്ഛായയെ തകർക്കുന്നു: ഇന്ത്യ ആഗോള തലത്തില്‍ ഒരു മൃദു സ്വാധീന ശക്തിയായി മാറാൻ ശ്രമിക്കുന്ന ഘട്ടത്തിൽ ഇത്തരം ബഹിഷ്‌കരണ സംസ്‌കാരം രാജ്യത്തിന്‍റെ പ്രതിച്ഛായയെ തന്നെ ബാധിക്കുമെന്ന് മന്ത്രി ആരോപിച്ചു. സര്‍ഗാത്മകതയുടെ മേല്‍ നിയന്ത്രണങ്ങള്‍ പാടില്ല. സിനിമകളെ ലക്ഷ്യം വെച്ചുള്ള ബഹിഷ്‌കരണ സംസ്‌കാരം അവസാനിപ്പിക്കേണ്ടതുണ്ട്. അത്തരം സംസ്‌കാരങ്ങൾ രാജ്യത്തിന്‍റെ അന്തരീക്ഷത്തെ തന്നെ കലുക്ഷിതമാക്കുന്നതാണ്. അനുരാഗ് താക്കൂർ പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിനിടെ വലിയ സംഭവങ്ങളാണ് ഇന്ത്യയിൽ നടക്കുന്നത്. ഞങ്ങൾക്ക് ധാരാളം ഷോകേസുകൾ ഉണ്ട്, പ്രത്യേകിച്ച് നമ്മുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകം. നമ്മൾ അതിൽ അഭിമാനിക്കണം. ഇന്ത്യയില്ലാതെ സിനിമാ ലോകം അപൂർണമാണ്. ഏറ്റവും വലിയ ചലച്ചിത്ര നിർമ്മാണ രാജ്യമാണ് ഇന്ത്യ. അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യയുടെ ശബ്‌ദം ശരിയായ രീതിയിൽ എത്തിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങൾ.
സിനിമാ പങ്കാളിത്തം കെട്ടിപ്പടുക്കുക, കൈമാറ്റ പരിപാടികൾ നടത്തുക, യുവ ചലച്ചിത്ര പ്രതിഭകളെ പരിപോഷിപ്പിക്കുക, സവിശേഷമായ സംസ്‌കാരങ്ങൾക്കിടയിലെ പാലമായി പ്രവർത്തിക്കുക എന്നിവയാണ് മേളയുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനും (എൻഎഫ്‌ഡിസി) എസ്‌സിഒ കൗൺസിൽ ഓഫ് ഹെഡ്‌സ് ഓഫ് സ്‌റ്റേറ്റ്‌സും ചേർന്നാണ് ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നത്.
ഇന്ത്യയിലെ എസ്‌സിഒ ഫിലിം ഫെസ്റ്റിവലിന്‍റെ ആദ്യ പതിപ്പിൽ 14 രാജ്യങ്ങളിൽ നിന്നുള്ള 58 സിനിമകൾ മത്സര, മത്സരേതര വിഭാഗങ്ങളിലായി പ്രദർശിപ്പിക്കും. നിഖിൽ മഹാജൻ സംവിധാനം ചെയ്‌ത മറാത്തി ചിത്രം ഗോദാവരി, മികച്ച വിദേശ ഭാഷാ വിഭാഗത്തിൽ ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ ഗുജറാത്തി ചിത്രം ചെല്ലോ ഷോ എന്നിവ മത്സര വിഭാഗത്തിൽ പ്രദർശിപ്പിക്കും. ആകെ 14 ചിത്രങ്ങളാണ് മത്സര വിഭാഗത്തിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
ഷൂജിത് സിർകാറിന്‍റെ സർദാർ ഉദം, എസ്എസ് രാജമൗലിയുടെ ആർആർആർ, സഞ്ജയ് ലീല ബൻസാലിയുടെ ഗംഗുഭായ് കത്യവാഡി, മൃദുൽ ടൂൾസിദാസിന്‍റെ ടൂൾസിദാസ് ജൂനിയർ, ചേതൻ ഭകുനിയുടെ ഷോർട്ട് ഫിലിം ജുഗൽകാസ്ബാൻഡ് എന്നിവയും പ്രദർശിപ്പിക്കും. ശത്രഞ്ജ് കെ ഖിലാഡി, (ഹിന്ദി), സുബർരേഖ (ബംഗാളി), ചന്ദ്രലേഖ (തമിഴ്), ഇരു കോഡ്‌ഗുൽ (തമിഴ്), ചിദംബരം (മലയാളം) എന്നിവയുൾപ്പെടെ അഞ്ച് ഇന്ത്യൻ ക്ലാസിക്കുകളും മേളയിൽ പ്രദർശിപ്പിക്കും.