മുംബൈ: മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയ കേസിൽ സസ്പെൻഷനിലായ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുടെ സഹായി റിയാസ് കാസി തെളിവുകൾ നശിപ്പിക്കാൻ സഹായിച്ചതായി സുപ്രധാന വെളിപ്പെടുത്തൽ. സ്കോർപിയോ സംബന്ധിച്ച തെളിവുകൾ നശിപ്പിക്കുന്നതിനായി മുംബൈ ക്രൈംബ്രാഞ്ച് പൊലീസ് സബ് ഇൻസ്പെക്ടർ റിയാസുദ്ദീൻ കാസി, വിഖ്രോലിയിലെ കൃഷ്ണം നഗറിലെ ഗാരേജിൽ എത്തിയ വീഡിയോ എൻഐഎ കണ്ടെടുത്തു. ദൃശ്യത്തിൽ കാസി ഗാരേജിലെ സിസിടിവിയുടെ ഡിവിആർ എടുത്തുകൊണ്ടുപോകുകയും ഗാരേജ് ഉടമയെ കൂട്ടി കൊണ്ടുപോകുകയും ചെയ്യുന്നുണ്ട്. ഈ ഗാരേജിലെ വാഹനങ്ങളുടെ വ്യാജ നമ്പർ പ്ലേറ്റുകൾ വാസെ മാറ്റിയിരുന്നു.
മിത്തി നദിയിൽ നിന്ന് എൻഐഎ കണ്ടെടുത്ത നമ്പർ പ്ലേറ്റുകളിലൊന്ന് ഔറംഗബാദ് സ്വദേശി വിജയ് നാഡെയുടെ ഉടമസ്ഥതയിലുള്ള ഇക്കോ സ്പോട് കാറിന്‍റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 2020 നവംബർ 16 നാണ് ഉദ്ദവറാവു പാട്ടീൽ ചൗക്കിൽ നിന്ന് കാർ മോഷ്ടിക്കപ്പെട്ടത്. സച്ചിൻ വാസെയും മൻസുഖ് ഹിരനും ഫെബ്രുവരി 17 ന് നടത്തിയ കൂടിക്കാഴ്ചയുടെ സിസിടിവി ദൃശ്യങ്ങളും എൻഐഎ കണ്ടെടുത്തിട്ടുണ്ട്.
വിൻസോളി ഹൈവേയിൽ വച്ച് സ്കോർപിയോയുടെ താക്കോൽ സച്ചിൻ വാസെക്ക് മൻസുഖ് ഹിരെൻ കൈമാറിയിരുന്നു. കാർ മോഷണത്തിന്‍റെ പരാതി അടുത്ത ദിവസം വിക്രോളി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യാൻ വാസെ ആവശ്യപ്പെട്ടിരുന്നു. കാർ മോഷണക്കേസ് രജിസ്റ്റർ ചെയ്യാൻ ഇയാള്‍ വിക്രോളി പൊലീസ് ഉദ്യോഗസ്ഥർക്ക് മേൽ സമ്മർദ്ദം ചെലുത്തിയെന്നും എൻഐഎ വ്യക്തമാക്കി.