ന്യൂഡൽഹി: കൊവിഡ് വാക്സിനുകൾക്കെതിരായ അഭ്യൂഹങ്ങളും വ്യാജ പ്രചാരണവും സമൂഹത്തിലെ പാവപ്പെട്ട ജനങ്ങളെ കൂടുതൽ ദോഷകരമായി ബാധിക്കുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ്‌വർധൻ പറഞ്ഞു. കൊവിഡ് വാക്സിനുകൾക്ക് എതിരായ വ്യാജ പ്രചാരണം സമൂഹത്തിൽ സാമ്പത്തികമായി താഴ്ന്ന ആളുകളെയാണ് ഏറ്റവുമധികം ബാധിക്കുന്നത്. ഇത്തരം പ്രചാരണങ്ങളിൽ നിന്ന് സമൂഹം വിട്ടുനിൽക്കണമെന്നും ആരോഗ്യമന്ത്രി അഭ്യർഥിച്ചു.
രാജ്യത്തെ എല്ലാ ജനങ്ങളും എത്രയും പെട്ടെന്ന് വാക്സിൻ സ്വീകരിക്കണമെന്നും ഹർഷ്‌വർധൻ പറഞ്ഞു. "ഇന്ന് മുതൽ ഇന്ത്യയിലുടനീളം,18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും എല്ലാ സൗജന്യ വാക്സിനുകൾ നൽകും. എല്ലാവരും കഴിയുന്നതും വേഗം വാക്സിനേഷൻ എടുക്കാൻ ശ്രമിക്കണം ”അദ്ദേഹം പറഞ്ഞു.
Also Read: 'കൊവിഡിൽ യോഗയുടെ പ്രസക്തി വർധിച്ചു'; കേന്ദ്ര ആരോഗ്യമന്ത്രി
കൊവിഡ് കാലത്ത് യോഗയുടെ പ്രസക്തി വർധിച്ചുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ്‌വർധൻ പറഞ്ഞു. കൊവിഡിൽ ജനങ്ങളുടെ ശാരീരക മാനസിക ആരോഗ്യം നിലനിർത്താൻ യോഗ സഹായിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. ഏഴാമത് അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് മഹാരാജ അഗ്രസെൻ പാർക്കിൽ നടന്ന യോഗാഭ്യാസത്തിന് ശേഷമാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രതികരണം.