ബറേലി: ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയുടെ ബന്ധുക്കളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ചജ്ജു എന്ന് വിളിക്കുന്ന ചൈമർ എന്ന യുവാവാണ് അറസ്റ്റിലായത്. സംഭവുമായി നേരിട്ട ബന്ധമുള്ളയാളാണ് ചൈമർ.
സംഭവത്തിന് ശേഷം ഹൈദരാബാദിലേക്ക് നാട് വിട്ട ചജ്ജു കഴിഞ്ഞ ദിവസമാണ് ബറേലിയിലെ തന്‍റെ ഗ്രാമമായ പച്പെദയിലേക്ക് മടങ്ങിയെത്തിയത്. ഈ വിവരം പൊലീസിന് ലഭിച്ചിരുന്നു.
ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സും (എസ്ടിഎഫ്) പഞ്ചാബ് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. ആക്രമണത്തിൽ ഉൾപ്പെട്ട സംഘത്തിലെ മൂന്ന് പേരെ കഴിഞ്ഞ സെപ്റ്റംബറിൽ അറസ്റ്റ് ചെയ്തിരുന്നു.
സംഭവം നടന്നത് 2020 ഓഗസ്റ്റില്‍
കഴിഞ്ഞ വർഷം ഓഗസ്റ്റ് 20നാണ് പഞ്ചാബിലെ പത്താൻകോട്ടില്‍ വെച്ച് മോഷ്‌ടാക്കള്‍ റെയ്‌നയുടെ അമ്മാവനെയും കുടുംബത്തെയും ആക്രമിച്ചത്. അമ്മാവനായ അശോക് കുമാര്‍ (58) സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചിരുന്നു.
ഗുരുതരമായി പരിക്കേറ്റ മകൻ കൗശല്‍ കുമാര്‍ (32) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അശോകിന്‍റെ അമ്മ സത്യ ദേവിക്കും സാരമായി പരിക്കേറ്റിരുന്നു.
also read: റെയ്‌നയുടെ ബന്ധുക്കള്‍ കൊല്ലപ്പെട്ട സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം