ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുൽഗാം സ്വദേശിയായ ഇരുപത്തിയാറുകാരനായ മഹ്ഫൂസ് ഇലാഹി ഹജാം എവറസ്റ്റ് കീഴടക്കി. അരുവിലെ (പഹൽഗാം) ജവഹർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടെയ്‌നറിങ് ആന്‍റ് വിന്‍റര്‍ സ്‌പോർട്‌സിലെ സിവിലിയൻ ഇൻസ്ട്രക്ടറാണ് മഹ്‌ഫൂസ്.
Read Also.....എവറസ്റ്റ് കീഴടക്കി കൊവിഡ് അതിജീവിച്ച യുവാവ്
ജൂൺ ഒന്നിന് രാവിലെ 6.20നാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റ് മഹ്ഫൂസ് കീഴടക്കിയത്. എവറസ്റ്റ് കൊടുമുടി രണ്ടുതവണ കയറിയ കേണൽ എൽ.എസ്.ഥാപ്പയാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. കേണൽ ഥാപ്പ ഇപ്പോൾ ജവഹർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടെയ്‌നറിങ് ആന്‍റ് വിന്‍റര്‍ സ്‌പോർട്‌സിലെ പ്രിൻസിപ്പലാണ്.
ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിലെ കുജ്ജാർ പ്രദേശത്തുള്ള ഒരു മധ്യവർഗ കുടുംബമാണ് മഹ്ഫൂസിന്‍റേത്. അദ്ദേഹത്തിന്‍റെ പിതാവ് ബാര്‍ബറാണ്.
എവറസ്റ്റ് കൊടുമുടിയിൽ കനത്ത കാറ്റ് കാരണം മഹ്ഫൂസ് സംഘത്തോടൊപ്പം പത്ത് ദിവസം കുടുങ്ങിയതിനാൽ ഇത് ഒരു കഠിന സാഹസികതയായിരുന്നുവെന്ന് മഹ്ഫൂസ് പറഞ്ഞു. കശ്മീരിലെ യുവാക്കൾ സാഹസിക വിനോദങ്ങൾ തിരഞ്ഞെടുക്കണമെന്നും കശ്മീരില്‍ അതിന് സാധ്യതകളേറെയാണെന്നുമാണ് മഹ്ഫൂസിന്‍റെ അഭിപ്രായം.