ഗ്വാളിയോര്‍ (മധ്യപ്രദേശ്): സമൂഹമാധ്യമത്തിലൂടെ പ്രണയത്തിലായ പാകിസ്ഥാനി പൗരനെ കാണാന്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന യുവതിയുടെ മാതാപിതാക്കള്‍ സുരക്ഷ ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോർട്ടുകൾ. പാകിസ്ഥാനിലേക്ക് കടന്ന് മതം മാറിയ ശേഷം വിവാഹം കഴിച്ച അഞ്ജുവിന്‍റെ ഗ്വാളിയോർ ജില്ലയിലെ തെകൻപൂരിലെ ഉള്‍ഗ്രാമത്തില്‍ താമസിക്കുന്ന മാതാപിതാക്കളെയാണ് സുരക്ഷ ഏജന്‍സികള്‍ നീരീക്ഷിക്കുന്നത്. അതേസമയം ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്‌എഫ്) ജവാന്‍ ഉള്‍പ്പെട്ട കുടുംബമാണ് അഞ്‌ജുവിന്‍റെ എന്നതും ശ്രദ്ധേയമാണ്.
അഞ്‌ജുവിന്‍റെ മുത്തശ്ശന്‍ തെകന്‍പൂര്‍ ബിഎസ്‌എഫ് അക്കാദമിയില്‍ മുമ്പ് സേവനമനുഷ്‌ഠിച്ചിരുന്നു. അഞ്‌ജുവിന്‍റെ അമ്മാവന്‍ നിലവില്‍ ബിഎസ്‌എഫ് ജവാനാണ്. മാത്രമല്ല അഞ്‌ജുവിന്‍റെ ഉറ്റബന്ധുക്കള്‍ ഉള്‍പ്പടെ ഗ്രാമത്തിലെ നിരവധിപേര്‍ ബിഎസ്‌എഫിലും കരസേനയിലെ മറ്റ് വിഭാഗങ്ങളിലുമായി ജോലി ചെയ്‌തുവരുന്നുണ്ട്. അങ്ങനെയുള്ളയിടത്ത് നിന്നും യുവതി അതിര്‍ത്തി കടന്നു എന്നത് സുരക്ഷ ഏജന്‍സികള്‍ ഗൗരവത്തോടെയാണ് കാണുന്നത്.
അഞ്‌ജു ഇനി ഫാത്തിമ: ഫേസ്‌ബുക്ക് വഴി പാകിസ്‌താനി യുവാവുമായി പ്രണയത്തിലായ അഞ്ജു ഇയാളെ തിരക്കി പാകിസ്ഥാനിലേക്ക് പോയ ശേഷം വിവാഹിതയായിരുന്നു. മുപ്പത്തിനാലുകാരിയും രണ്ട് കുട്ടികളുടെ മാതാവ് കൂടിയായ അഞ്ജു പാകിസ്ഥാനില്‍ എത്തിയ ശേഷം ഇസ്‌ലാം മതം സ്വീകരിച്ച ശേഷമായിരുന്നു പാകിസ്‌താനിലെ ഖൈബർ പഖ്‌തൂൺഖ്വയിലെ അപ്പർ ദിർ ജില്ല സ്വദേശിയായ നസ്‌റുള്ളയുമായി (29) വിവാഹിതയായത്. വിവാഹം കഴിച്ച ഇവര്‍ ഫാത്തിമ എന്ന പേരും സ്വീകരിച്ചിരുന്നു. ജില്ല സെഷൻസ് കോടതിയിൽ കനത്ത സുരക്ഷയിലായിരുന്നു ഇരുവരുടെയും വിവാഹം.
സംഭവം ഇങ്ങനെ: ജൂലൈ 23 നാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിനെ കാണാനായി അഞ്ജു ഇന്ത്യന്‍ അതിർത്തി കടന്ന വിവരം വീട്ടുകാർ അറിയുന്നത്. മെഡിക്കല്‍ രംഗത്ത് ജോലി ചെയ്യുന്ന പാകിസ്ഥാന്‍ പൗരന്‍ നസറുള്ളയെ തേടിയായിരുന്നു യുവതി പാകിസ്ഥാന്‍റെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്‌തൂൺഖ്വയിലേക്ക് കടന്നത്. എന്നാല്‍ പാകിസ്ഥാനില്‍ എത്തിയ ഉടന്‍ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ യാത്ര രേഖകൾ പരിശോധിച്ച ശേഷം കുഴപ്പങ്ങളൊന്നും കണ്ടെത്താതെ വന്നതോടെ പൊലീസ് ഇവരെ വിട്ടയക്കുകയായിരുന്നു. എന്നാല്‍ മാധ്യമ വാർത്തകളെ തുടർന്ന് രാജസ്ഥാൻ പൊലീസ് സംഘം അഞ്ജുവിനെ കുറിച്ച് അന്വേഷിക്കാനായി ഭിവാഡിയിലെ ഇവര്‍ താമസിച്ചിരുന്ന വീട്ടിൽ എത്തിയിരുന്നു.
എന്നാല്‍ രാജസ്ഥാന്‍റെ തലസ്ഥാനമായ ജയ്‌പൂരിലേക്കാണെന്ന വ്യാജേന വീടുവിട്ടിറങ്ങിയ അഞ്ജു വീട്ടിൽ തിരിച്ചെത്തിയില്ലെന്ന് ഭർത്താവ് അരവിന്ദ് പ്രതികരിച്ചിരുന്നു. ഫേസ്ബുക്ക് സുഹൃത്തായ നസ്‌റുള്ളയെ കാണാനാണ് അഞ്ജു പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടതെന്ന് മാധ്യമങ്ങളിലൂടെയാണ് താൻ അറിഞ്ഞതെന്നും അരവിന്ദ് പ്രതികരിച്ചിരുന്നു.
2019 മുതല്‍ കഴിഞ്ഞ കുറേ വർഷങ്ങളായി അഞ്ജുവും നസ്‌റുള്ളയും ഫേസ്ബുക്കിൽ സുഹൃത്തുക്കളായിരുന്നു. ക്രിസ്ത്യൻ മതം സ്വീകരിച്ചതിന് ശേഷമാണ് അഞ്ജു അരവിന്ദിനെ വിവാഹം കഴിക്കുന്നത്. ഉത്തർപ്രദേശിലെ കൈലോർ ജില്ലയിൽ ജനിച്ച അഞ്ജു ഭർത്താവ് അരവിന്ദുമായുള്ള വിവാഹശേഷം രാജസ്ഥാനിലെ അൽവാറിലേക്ക് താമസം മാറ്റുകയായിരുന്നുവെന്നാണ് വിവരങ്ങള്‍.