മുംബൈ: അനില്‍ ദേശ്‌മുഖ് രാജി വയ്‌ക്കേണ്ടതില്ലെന്ന് മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്. ദേശ്‌മുഖിനെതിരായ ആരോപണങ്ങളില്‍ അന്വേഷണം ഉണ്ടാവും. അത് കഴിയും വരെ രാജി വേണ്ടതില്ലെന്നും നവാബ് പറഞ്ഞു.
മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പരംബീര്‍ സിങ് മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് നല്‍കിയ കത്തിൽ ആഭ്യന്തരമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്. പരംബീര്‍ ദേശ്‌മുഖുമായി കൂടിക്കാഴ്ച നടത്തിയെന്ന് പറയുന്ന തിയതികളില്‍ മന്ത്രി കൊവിഡ് ചികിത്സയിലായിരുന്നു. ഇത് സംശയത്തിനിടയാക്കുന്നതാണ്. അതിനാല്‍ കത്തിലെ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ദേശ്‌മുഖ് രാജി വയ്ക്കേണ്ടതില്ല. കൃത്യമായ അന്വേഷണത്തിന് ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്നും നവാബ് പറഞ്ഞു.
വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കളുമായി കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ പുറത്താക്കിയ സച്ചിന്‍ വാസെയെ ആഭ്യന്തരമന്ത്രി ഇടപെട്ടാണ് നിയമിച്ചത്. വാസെയെ അനില്‍ ദേശ്‌മുഖ് തന്‍റെ ഔദ്യോഗിക വസതിയിൽ പല തവണ വിളിച്ചുവരുത്തുകയും ഫണ്ട് ശേഖരിക്കുന്നതിന് സഹായിക്കണമെന്ന് തുടര്‍ച്ചയായി നിര്‍ദേശം നല്‍കുകയും ചെയ്തുവെന്നും കത്തില്‍ പറയുന്നു. സച്ചിന്‍ വാസെയോട് എല്ലാമാസവും 100 കോടി രൂപ സംഘടിപ്പിച്ച് നല്‍കണമെന്ന് അനില്‍ ദേശ്‌മുഖ് ആവശ്യപ്പെട്ടിരുന്നുവെന്നും പരംബീര്‍ കത്തില്‍ ആരോപിച്ചിരുന്നു.
അതേസമയം, അനില്‍ ദേശ്‌മുഖിനെ പിന്തുണച്ച് എൻസിപി അധ്യക്ഷൻ ശരത് പവാര്‍ വീണ്ടും രംഗത്തെത്തി.