അമരാവതി: തലസ്ഥാനത്തിന്‍റെ പേരിലുള്ള വിവാദമൊടുങ്ങാതെ ആന്ധ്രാപ്രദേശ്. 2024 വരെ ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനം ഹൈദരാബാദ് ആണെന്ന വൈ.എസ് ജഗൻമോഹൻ റെഡ്ഡി സർക്കാരിന്‍റെ പ്രഖ്യാപനമാണ് പുതിയ വിവാദങ്ങൾക്ക് വഴിവച്ചത്. സർക്കാരിന്‍റെ പ്രഖ്യാപനം പ്രധാന പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയെ ചൊടിപ്പിച്ചിരിക്കുകയാണ്.
ഹൈദരാബാദ് ആണ് തലസ്ഥാനമെങ്കിൽ ആസ്ഥാനം ഹൈദരാബാദിലേക്ക് മാറ്റാനും അവിടെ നിന്ന് ഭരിക്കാനും ആവശ്യപ്പെട്ട് തെലുങ്കുദേശം പാർട്ടി ഭരണപക്ഷത്തെ കടന്നാക്രമിച്ചു. തലസ്ഥാനം മാറ്റുന്നതിനോ വിഭജിക്കുന്നതിനോ നിയമനിർമാണം നടത്താനുള്ള അധികാരം സംസ്ഥാന നിയമസഭയ്ക്ക് ഇല്ല എന്ന മാർച്ച് മൂന്നിലെ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് പുതിയ വിവാദം ഉയർന്നുവന്നിരിക്കുന്നത്.
2014ലെ ആന്ധ്രാപ്രദേശ് പുനഃസംഘടന നിയമമനുസരിച്ച് 2024 വരെ ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനം ഹൈദരാബാദ് മാത്രമാണെന്ന് മുനിസിപ്പൽ അഡ്‌മിനിസ്‌ട്രേഷൻ മന്ത്രി ബോട്‌സ സത്യനാരായണ പറഞ്ഞു. പുനഃസംഘടന നിയമമനുസരിച്ച് ഹൈദരാബാദ് പൊതു തലസ്ഥാനമാണെന്നും അത് കോടതിക്കും പാർലമെന്‍റിനും നിയമസഭക്കും അറിയാവുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചന്ദ്രബാബു നായിഡു സർക്കാർ തിടുക്കത്തിൽ അമരാവതിയെ തലസ്ഥാനമായി പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ അതിനായി പാർലമെന്‍റിന്‍റെയോ കേന്ദ്രത്തിന്‍റെയോ അംഗീകാരം തേടിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. അതിന്‍റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കാം കോടതി തലസ്ഥാനത്തെ സംബന്ധിച്ച് അഭിപ്രായപ്പെട്ടത്. തന്‍റെ വ്യക്തിപരമായ കാഴ്‌ചപ്പാടിൽ സംസ്ഥാനം ഒരു തീരുമാനമെടുക്കുകയും പാർലമെന്‍റിന്‍റെ അംഗീകാരം തേടുകയും ചെയ്യുമ്പോൾ മാത്രമേ തലസ്ഥാനമായി അംഗീകരിക്കപ്പെടുകയുള്ളൂ. സർക്കാരിന്‍റെ കാഴ്ചപ്പാടും പാർട്ടി നയവും അനുസരിച്ച് അമരാവതി ആന്ധ്രാപ്രദേശിന്‍റെ നിയമനിർമാണ തലസ്ഥാനമാണെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിയുടെ വാക്കുകൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച ടിഡിപി സംസ്ഥാന പ്രസിഡന്‍റ് കെ.അച്ചൻനായിഡു ഹൈദരാബാദിൽ പോയി അവിടെ നിന്ന് ആന്ധ്രാപ്രദേശ് ഭരിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഹൈദരാബാദിലുള്ളതെല്ലാം സർക്കാർ തെലങ്കാന സർക്കാരിന് സമർപ്പിച്ചുവെന്നും ആന്ധ്രാപ്രദേശിനായി ഒരു കെട്ടിടം പോലും ബാക്കിയില്ലെന്നും മരങ്ങളുടെ ചുവട്ടിൽ നിന്ന് ഭരിക്കാനും അച്ചൻനായിഡു മുഖ്യമന്ത്രിയെ പരിഹസിച്ചു.