അമരാവതി : മെഡിക്കൽ സ്റ്റോർ ജീവനക്കാരൻ മാറിനല്‍കിയ ഗുളിക കഴിച്ച് വൃദ്ധ മരിച്ചു. ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയില്‍ മാര്‍ച്ച് അഞ്ചിനാണ് സംഭവം. രാജംപേട്ട എരപ്പള്ളി സ്വദേശി കെ സുബ്ബനരസമ്മയാണ് (67) മരിച്ചത്.
ഡോക്‌ടര്‍ നല്‍കിയ കുറിപ്പടിയിലുള്ളതിന് പകരം വേറെ ടാബ്‌ലറ്റ്‌സ് നൽകിയതാണ് മരണകാരണമെന്ന് മരിച്ച വയോധികയുടെ ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. തൈറോയ്‌ഡ് ബാധിച്ച് ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ കടപ്പയിലെ ആശുപത്രിയിൽ വയോധികയെ പ്രവേശിപ്പിച്ചു. ഈ ആശുപത്രിയിലെ ഡോക്‌ടറാണ് കുറിപ്പടി നൽകിയത്.
കുറിപ്പടിയില്‍ ആന്‍റി തൈറോക്‌സിൻ, നല്‍കിയത് തൈറോക്‌സിന്‍ സോഡിയം
വയോധികയുടെ മകൻ സുധാകരാചാരി ഡിസംബർ 27ന് രസീതുമായി രാജംപേട്ടയിലെ മെഡിക്കൽ സ്റ്റോറിലെത്തി ഗുളികകള്‍ വാങ്ങി. ഉപയോഗത്തിനുശേഷം, വൃദ്ധയുടെ ആരോഗ്യനില നിത്യേന വഷളാവുകയുണ്ടായി. സംശയം തോന്നിയ വീട്ടുകാർ ഡോക്‌ടറെ കണ്ട് കാര്യം അവതരിപ്പിച്ചു. ഇതോടെയാണ് സംഭവത്തില്‍ വ്യക്തത വന്നത്.
10 മില്ലിഗ്രാം ആന്‍റി തൈറോക്‌സിൻ ഗുളികകളാണ് ഡോക്‌ടര്‍ എഴുതിനല്‍കിയത്. എന്നാല്‍, മെഡിക്കൽ സ്റ്റോർ ജീവനക്കാരന്‍ 100 മില്ലിഗ്രാം തൈറോക്‌സിന്‍ സോഡിയം ഗുളികകളാണ് നൽകിയത്. ഫെബ്രുവരി 24 ന് മെഡിക്കൽ ഷോപ്പിനെതിരെ സുബ്ബനരസമ്മയുടെ ബന്ധുക്കള്‍ ടൗൺ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി.
നെല്ലൂരിലെ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഈ മാസം അഞ്ചിന് അവര്‍ മരിച്ചു. സംഭവത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം ഊര്‍ജിതമാക്കിയതായി സബ് ഇൻസ്പെക്‌ടര്‍ പ്രസാദ് റെഡ്ഡി മാധ്യമങ്ങളെ അറിയിച്ചു.
ALSO READ l പ്രണയവിവാഹം ചെയ്‌തതിന് കൊല്ലുമെന്ന് ഭീഷണി ; തമിഴ്‌നാട് മന്ത്രിക്കെതിരെ മകള്‍