ഗുണ്ടൂർ : ആന്ധ്രാപ്രദേശില്‍ പണത്തര്‍ക്കത്തെ തുടര്‍ന്ന് വീണ്ടും കൊലപാതകം. ഗുണ്ടൂർ ജില്ലയിലെ തെനാലി ആർ.ആർ നഗറിൽ തടിബോയ്‌ന സന്ദീപാണ് (23) കൊല്ലപ്പെട്ടത്. നഗരത്തില്‍ വാർഡ് വളണ്ടിയർ ആയി ജോലി ചെയ്യുകയായിരുന്നു ഇയാള്‍.
സംഭവത്തെക്കുറിച്ച് പൊലീസ് : സന്ദീപ് സുഹൃത്ത് ജശ്വന്ത് മുഖേന ഒരാഴ്‌ച മുന്‍പ് രോഹിത് എന്നയാൾക്ക് 2000 രൂപ കടം നൽകി. പ്രതിദിനം 200 രൂപ തിരികെ നൽകാമെന്ന ധാരണയിലായിരുന്നു കടം. രോഹിത് അഞ്ച് ദിവസം തുടർച്ചയായി പണം നൽകി. ആറാം ദിവസം പണം ജശ്വന്തിനെ ഏല്‍പ്പിച്ച് സന്ദീപിന് നൽകാൻ പറഞ്ഞു.
പക്ഷേ, ജശ്വന്ത് പണം നല്‍കാത്തതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രി 11 ന് സന്ദീപ് രോഹിത്തിന്‍റെ വീട്ടിലെത്തി. പണത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ ജശ്വന്തിന് നൽകിയതായി രോഹിത് പറയുകയുണ്ടായി. എന്നാല്‍, തനിക്ക് പണം ലഭിച്ചില്ലെന്ന് സന്ദീപ് പറഞ്ഞു. തുടര്‍ന്ന്, ഇവര്‍ തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലെത്തി.
അടിയന്തരമായി ഇടപെട്ട് നാട്ടുകാര്‍, ശ്രമം വിഫലം : സന്ദീപിനെ രോഹിത് ആഞ്ഞുതള്ളി. ഇതില്‍, സന്ദീപ് പെട്ടെന്ന് കുഴഞ്ഞുവീണു. ഓടിക്കൂടിയ നാട്ടുകാർ സന്ദീപിനെ ആശുപത്രിയിലെത്തിച്ചു. ഹൃദയാഘാതം മൂലം മരണം സംഭവിച്ചതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു.
രോഹിത്തിനും ഇയാളുടെ പിതാവ് വെങ്കിടേശ്വരിനുമെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ടൗൺ പൊലീസ് സ്‌റ്റേഷൻ (3) സി.ഐ ശ്രീനിവാസനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ALSO READ: യാത്രാകൂലി കുറഞ്ഞു, ഡ്രൈവര്‍ സ്ത്രീയെ ലോറി കയറ്റി കൊന്നു: മൃതദേഹത്തിനരികെ നിലവിളിയുമായി മക്കള്‍
ലോറിയില്‍ വലിച്ചിഴച്ച് കൊണ്ടുപോയതിനെ തുടര്‍ന്ന് വാഹനത്തിനടിയില്‍പ്പെട്ട് സ്‌ത്രീയ്‌ക്ക് ദാരുണാന്ത്യം സംഭവിച്ചതാണ് ആന്ധ്രയില്‍ അടുത്തിടെയുണ്ടായ മറ്റൊരു സംഭവം. നായിഡുപേട്ട ജിൻഡാലിന് സമീപമാണ് കൊലപാതകം. പ്രതിഫലമായി കൂടുതല്‍ പണം നൽകാത്തതിനാണ് രമണയെന്ന (40) സ്‌ത്രീയെ വലിച്ചിഴച്ച് ഡ്രൈവര്‍ ലോറി മുന്‍പോട്ടെടുത്തത്.
സംഭവത്തെക്കുറിച്ച് പൊലീസ് : ചിലക്കലൂരിപേട്ടയിൽ നിന്ന് മാലിന്യം കൊണ്ടുപോകാൻ വിളിച്ച ലോറിയില്‍ കുട്ടികളുമായി രമണ നായിഡുപേട്ടയിലെത്തി. യാത്രാക്കൂലിയായി 100 രൂപ കൊടുത്തു. എന്നാല്‍, 300 നൽകണമെന്ന് ലോറി ഡ്രൈവർ ആവശ്യപ്പെട്ടു.
ഈ പണം നല്‍കാന്‍ സ്‌ത്രീ തയ്യാറാവാത്തതിനെ തുടര്‍ന്ന് കയര്‍ത്ത ലോറി ഡ്രൈവർ, കുട്ടികൾ ഇറങ്ങുന്നതിന് മുന്‍പ് വാഹനമെടുത്തു. ഇതോടെ, വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട രമണ ലോറി പിടിച്ച് പിന്നാലെ ഓടി. ആ സമയം ലോറിക്കടിയിൽപ്പെട്ട സ്‌ത്രീ സംഭവസ്ഥലത്തുതന്നെ മരിച്ചു.