ഗുണ്ടൂര്‍ (ആന്ധ്രാപ്രദേശ്): ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ ഇന്നലെ (12.10.2022) രാത്രി മൂന്ന് കാറുകൾക്ക് തീപിടിച്ചു. സ്‌തംഭലഗരുവിലെ നർസിറെഡ്ഡിപാലം പരിസരത്താണ് സംഭവം നടന്നത്. കാറുകളിലൊന്നിലെ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് സമീപത്തെ മറ്റു കാറുകളിലേക്കും തീ അതിവേഗം പടരുകയായിരുന്നു.
തീ പിടിത്തമുണ്ടായ ഉടൻ കാർ ഉടമകൾ അഗ്നിശമനസേനയെ വിവരമറിയിച്ചു. കൃത്യസമയത്ത് അഗ്നിശമന സേനയെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് തടയാനായി. എന്നാൽ അഗ്‌നിബാധയില്‍ മൂന്ന് കാറുകളും പൂർണമായും കത്തിനശിച്ചു.
വില കൂടിയ കാറുകളായതിനാല്‍ 50 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.