വിജയവാഡ (ആന്ധ്രപ്രദേശ്): ഏലൂര്‍ ജില്ലയിലെ പോറസ് കെമിക്കല്‍ പ്ലാന്‍റ് അടച്ചുപൂട്ടാന്‍ ആന്ധ്രാപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ് (എപിപിസിബി) ഉത്തരവിട്ടു. കഴിഞ്ഞ ദിവസം പ്ലാന്‍റിലുണ്ടായ സ്‌ഫോടനത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നടപടി. അക്കിറെഡ്ഡിഗുഡം ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാനും ഉത്തരവില്‍ ആവശ്യപ്പെടുന്നുണ്ട്.
പ്ലാന്‍റില്‍ നടത്തിയ പരിശോധലകള്‍ക്ക് പിന്നാലെയാണ് എപിപിസിബി നടപടി സ്വീകരിച്ചത്. കമ്പനി സിഎഫ്ഒ നിബന്ധനകൾ പാലിക്കുന്നില്ലെന്നും പരിസര പ്രദേശങ്ങളിൽ മലിനീകരണം ഉണ്ടാക്കുന്നതായും പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 4-നൈട്രോ-എൻ-മെഥൈൽ ഫ്‌താലിമൈഡ് നിർമ്മിക്കുന്നതിനിടെയുള്ള സാധാരണ നടപടി ക്രമങ്ങള്‍ പാലിക്കാതിരുന്നതാണ് ഫാക്‌ടറിയിലെ അപകടത്തിന് കാരണമെന്നും എപിപിസിബി വ്യക്തമാക്കി.
അപകടം നടന്നതിന്‍റെ വിവരങ്ങള്‍ ഫാക്‌ടറി അധികൃതര്‍ ബോര്‍ഡിനെ അറിയിച്ചിരുന്നില്ലെന്നും എപിപിസിബി പറഞ്ഞു. ബുധനാഴ്‌ച രാത്രിയാണ് പ്ലാന്‍റില്‍ സ്‌ഫോടനം നടന്നത്. അപകടത്തില്‍ 6 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു.