റായ്‌പൂര്‍: ഛത്തീസ്‌ഗഡില്‍ (Chhattisgarh) മാധ്യമ പ്രവര്‍ത്തകയായ (Journalist) സല്‍മ സുല്‍ത്താന (Salma Sulthana) കൊല്ലപ്പെട്ട കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സല്‍മയുടെ ലിവ് ഇന്‍ പങ്കാളിയായ മധൂര്‍ സാഹു (37), ഇയാളുടെ കൂട്ടാളികളായ കൗശല്‍ ശ്രീനിവാസ് (29), അതുല്‍ ശര്‍മ ( 26) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്‌ചയാണ് (ഓഗസ്റ്റ് 22) കോര്‍ബ പൊലീസ് (Korba Police) മൂവരെയും അറസ്റ്റ് ചെയ്‌തത്.
കൊലപാതകത്തിന് പിന്നാലെ മൃതദേഹം (Dead Body) കുഴിച്ചിട്ടെന്ന് പറയുന്നയിടത്ത് പില്‍ക്കാലത്ത് നിര്‍മിച്ച കോഹാഡിയ പാലത്തില്‍ (Kohadiya bridge) പൊലീസ് (Police) പരിശോധന ആരംഭിച്ചു. മൃതദേഹം സംസ്‌കരിച്ചതിന് പിന്നാലെ മുകളിലൂടെ നിര്‍മിച്ച പാലം പൊളിച്ചാണ് മൃതദേഹത്തിനായി തെരച്ചില്‍ തുടരുന്നത്. മൃതദേഹം കണ്ടെത്തുന്നതിനായി പിഡബ്ല്യൂഡിയുടെ പൂര്‍ണ പിന്തുണ ലഭിക്കുന്നുണ്ടെന്ന് പൊലീസ് സൂപ്രണ്ട് റോബിന്‍സണ്‍ ഗുഡിയ (Chief superintendent of police Robinson Gudiya ) പറഞ്ഞു.
പാലത്തില്‍ 250 ചതുരശ്ര മീറ്റര്‍ വിസ്‌തീര്‍ണത്തിലാണ് കുഴിയെടുത്ത് പരിശോധന നടത്തുന്നത്. മൃതദേഹം കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ച് മൃതദേഹം സുല്‍ത്താനയുടേതാണെന്ന് കണ്ടെത്തുമെന്നും ഗുഡിയ പറഞ്ഞു.
സല്‍മ സുല്‍ത്താന കൊല്ലപ്പെട്ടത് ഇങ്ങനെ (Salma Sulthana murder) : 2018 ഒക്‌ടോബര്‍ 21നാണ് കേസിനാസ്‌പദമായ സംഭവം. 25 വയസുകാരിയായ സല്‍മ സുല്‍ത്താന കോര്‍ബയിലെ ഒരു പ്രാദേശിക വാര്‍ത്ത ചാനല്‍ പ്രവര്‍ത്തകയായിരുന്നു. സല്‍മയുടെ ജിം മാസ്‌റ്ററായിരുന്നു മധൂര്‍ സാഹു (Madhur Sahu).
വിവാഹ മോചിതനായ മധൂര്‍ സാഹു (Madhur Sahu) സല്‍മയുമായി പ്രണയത്തിലാകുകയും തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസിക്കുകയുമായിരുന്നു. കോര്‍ബയിലെ ഫ്ലാറ്റില്‍ ഒന്നിച്ച് താമസിച്ചിരുന്ന ഇരുവരും സാമ്പത്തിക ഇടപാടുകളെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. അതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക കാര്യങ്ങളെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ പ്രകോപിതനായ മധൂര്‍ സാഹു സല്‍മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സല്‍മയെ കൊലപ്പെടുത്താന്‍ മധൂര്‍ സാഹു തന്‍റെ സുഹൃത്തിന്‍റെ സഹായം തേടിയതായും പൊലീസ് പറയുന്നു. സുഹൃത്തായ കൗശല്‍ ശ്രീനിവാസിന്‍റെ സഹായത്തോടെ സല്‍മയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കുഴിച്ചിടാന്‍ ഇരുവരും മറ്റൊരു സുഹൃത്തായ അതുല്‍ ശര്‍മയുടെ സഹായം തേടിയെന്നും പൊലീസ് വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ സല്‍മ സുല്‍ത്താനയുമായി ബന്ധപ്പെടാന്‍ കഴിയാത്ത കുടുംബം മധൂര്‍ സാഹുവിനെ വിളിച്ച് അന്വേഷിച്ചു. എന്നാല്‍ മികച്ച ജോലി തേടി സല്‍മ മുംബയിലേക്ക് പോയെന്ന് സാഹു കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചു.
തുടര്‍ന്ന് 2019ല്‍ സല്‍മയുടെ പിതാവ് മരിച്ചു. പിതാവ് മരിച്ചിട്ടും സല്‍മ വീട്ടിലെത്താത്തതില്‍ സംശയം തോന്നിയ കുടുംബം കോര്‍ബയിലെ കുസ്‌മുണ്ട പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ യാതൊരുവിധ പുരോഗതിയും ഉണ്ടായില്ല.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സ്റ്റേഷനിലെ തിരോധാന കേസുകളില്‍ (Missing Case) വീണ്ടും നടത്തിയ അന്വേഷണമാണ് കേസിന് നിര്‍ണായക വഴിത്തിരിവായത്. സല്‍മ സുല്‍ത്താന നേരത്തെ എടുത്ത ഏഴ് ലക്ഷം രൂപയുടെ ബാങ്ക് വായ്‌പ മാസം തോറും ഒരാള്‍ അടക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ബാങ്കിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് അന്വേഷണം മധൂര്‍ സാഹുവിലേക്ക് വഴിമാറിയത്. സല്‍മ സുല്‍ത്താനയുടെ (Salma Sulthana) ഫോണ്‍ കോള്‍ റെക്കോഡുകളും കേസില്‍ നിര്‍ണായക തെളിവായി.
മധൂര്‍ സാഹുവിനെ (Madhur Sahu) കുറിച്ച് കോര്‍ബയില്‍ നടത്തിയ അന്വേഷണം കൂട്ടാളിയായ അതുല്‍ ശര്‍മയിലെത്തി (Atul Sharma). ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് ഇയാളിലൂടെ പൊലീസ് (Police) ഒരുക്കിയ കെണിയിലാണ് മധൂര്‍ സാഹുവും കൂട്ടാളിയായ ശ്രീനിവാസും പിടിയിലായത്. കേര്‍ബ (Korba) സിറ്റിയില്‍ വച്ചാണ് ഇരുവരെയും പൊലീസ് (Police) അറസ്റ്റ് ചെയ്‌തത്.