കോയമ്പത്തൂർ (തമിഴ്‌നാട്) : കോയമ്പത്തൂരിലെ കമലതള്‍ കഴിഞ്ഞ 30 വർഷത്തിലേറെയായി അറിയപ്പെടുന്നത് ഇഡ്ഡലി അമ്മ എന്നാണ്. അതിന് ഒരു കാരണമുണ്ട്. വർഷങ്ങളായി ഇവര്‍ ഇഡ്ഡലി വിൽക്കുന്നത് ഒരു രൂപയ്ക്കാണ്. ലാഭേച്ഛയില്ലാതെ അന്യന്‍റെ വിശപ്പ് മാത്രം കണക്കിലെടുത്താണ് ഈ അമ്മ ഒരു രൂപയ്ക്ക് ഇഡ്ഡലി നൽകുന്നത്.
ചെറിയ പെട്ടിക്കടയാണ് ഇഡ്ഡലി അമ്മയുടേത്. അവരുടെ ഇഡ്ഡലി വില്‍പ്പനയുടെ വീഡിയോ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഷെയർ ചെയ്യുകയും അവരുടെ പ്രവര്‍ത്തികൾക്ക് സഹായം നൽകണമെന്ന് അഭ്യർഥിക്കുകയും ചെയ്‌തിരുന്നു.
കച്ചവടത്തിനുകൂടി സൗകര്യമുള്ള വീടാണ് വേണ്ടതെന്ന് മനസിലാക്കിയ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ തന്‍റെ ടീമിനെ അയച്ച് തൊണ്ടാമുത്തൂരിൽ അവരുടെ പേരിൽ ഭൂമി രജിസ്റ്റർ ചെയ്‌തു. രജിസ്ട്രേഷൻ കഴിഞ്ഞയുടൻ തന്നെ വീട് നിർമാണം ആരംഭിച്ചു.
ഈ വർഷത്തെ മാതൃദിനത്തിൽ ഇഡ്ഡലി അമ്മയ്ക്ക് ആനന്ദ് പുതിയ വീട് സമ്മാനിച്ചു. മാതൃത്വത്തിന്‍റെ ഗുണങ്ങളായ കരുതൽ, നിസ്വാർഥത, സ്‌നേഹം എന്നിവയുടെ ആൾരൂപമാണ് കമലതൾ എന്നും അവരെ സഹായിക്കാൻ കഴിയുന്നത് തന്നെ ഒരു അനുഗ്രഹമാണെന്നും ചടങ്ങിൽ ആനന്ദ് മഹീന്ദ്ര പറഞ്ഞു.