കീവ്: യുക്രൈനിൽ ഒരു ഇന്ത്യൻ വിദ്യാർഥി കൂടി മരിച്ചു. ചികിത്സയിലിരുന്ന മെഡിക്കൽ വിദ്യാർഥിയുടെ മരണമാണ് സ്ഥിരീകരിച്ചത്. ചന്ദൻ ജിൻഡാലാണ് മരിച്ചത്. പഞ്ചാബിലെ ബർണാലയിൽ നിന്നുള്ള വിദ്യാർഥിയാണ് ചന്ദൻ ജിൻഡാൽ. വിന്നിറ്റ്സിയ നാഷണൽ പൈറോഗോവ്, മെമ്മോറിയൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിയായിരുന്നു ചന്ദൻ.
ഇസ്കെമിക് സ്ട്രോക്കിനെ തുടർന്ന് 22കാരനായ യുവാവിനെ എമർജൻസി ഹോസ്‌പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു മാസമായി ചികിത്സയിൽ കഴിയുകയായിരുന്നു ചന്ദൻ ജിൻഡാൽ. തലച്ചോറിന്‍റെ ഒരു ഭാഗത്തേക്കുള്ള രക്ത വിതരണം തടസപ്പെടുകയോ, രക്തം എത്തുന്നതിന്‍റെ അളവ് കുറയുകയോ ചെയ്യുമ്പോൾ മസ്‌തിഷ്‌ക കോശങ്ങൾക്ക് ഓക്‌സിജനും പോഷകങ്ങളും ലഭിക്കുന്നത് കുറയുന്നു. ഈ സാഹചര്യത്തെ തുടർന്ന് ഉണ്ടാകുന്നതാണ് ഇസ്കെമിക് സ്ട്രോക്ക്. മകന്‍റെ മൃതശരീരം നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാരിന് വിദ്യാർഥിയുടെ അച്ഛൻ കത്തെഴുതിയിട്ടുണ്ട്.
ചന്ദൻ ജിൻഡാലിന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ഫെബ്രുവരി മൂന്നിന് വിവരം ലഭിച്ചെന്നും ഓപ്പറേഷൻ നടത്താനായി അധികൃതർ കുടുംബത്തിന്‍റെ അനുമതി തേടിയിരുന്നുവെന്നും അമ്മാവൻ കൃഷ്‌ണ ഗോപാൽ അറിയിച്ചു. വിദ്യാർഥിയുടെ അച്ഛൻ ശിഷനും അമ്മാവനും ഫെബ്രുവരി ഏഴിന് യുക്രൈനിലേക്ക് പോകുകയും തുടർന്ന് അമ്മാവൻ തിരികെയെത്തുകയും ചന്ദനൊപ്പം അച്ഛൻ യുക്രൈനിൽ തുടരുകയുമായിരുന്നു. സീററ്റ് അതിർത്തിയിലൂടെ എയർ ആംബുലൻസ് സർവീസ് വഴി യുവാവിന്‍റെ മൃതദേഹം നാട്ടിലെത്തിക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.
റഷ്യൻ അനിധിവേശം നടത്തുന്ന യുക്രൈനിൽ മരിക്കുന്ന രണ്ടാമത്തെ വിദ്യാർഥിയാണ് ചന്ദൻ ജിൻഡാൽ. ഖാർകീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ നാലാം വർഷ എംബിബിഎസ് വിദ്യാർഥിയായ നവീൻ ഷെല്ലാക്രമണത്തിൽ ചൊവ്വാഴ്‌ച കൊല്ലപ്പെട്ടിരുന്നു. ഭക്ഷ്യവസ്‌തുക്കൾ വാങ്ങാനായി പുറത്തിറങ്ങിയപ്പോഴുണ്ടായ ഷെല്ലാക്രമണത്തിലാണ് വിദ്യാർഥിക്ക് ജീവൻ നഷ്‌ടമായത്.
READ MORE: ഇന്ത്യക്കാര്‍ എത്രയും പെട്ടെന്ന് ഖാർകിവ് വിടണമെന്ന് ഇന്ത്യൻ എംബസി