ആനന്ദ് (ഗുജറാത്ത്): അമുല്‍ പാല്‍ ലിറ്ററിന് രണ്ടു രൂപ വര്‍ധിപ്പിച്ചു. പുതുക്കിയ വില നാളെ മുതല്‍ നിലവില്‍ വരും. ഈ സാമ്പത്തിക വർഷം ഇത് രണ്ടാം തവണയാണ് പാലിന്‍റെ വില വർധിപ്പിക്കുന്നത്. ഗുജറാത്തിലെ ആനന്ദ് കേന്ദ്രമാക്കി ഗുജറാത്ത് കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനാണ് (ജിസിഎംഎംഎഫ്) അമുല്‍ പാലും പാല്‍ ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നത്.
ഉത്തരേന്ത്യയിലും മധ്യേ ഇന്ത്യയിലുമാണ് അമുല്‍ പാലിന്‍റെ പ്രധാന വിപണി. കേരളം ഉള്‍പ്പെടുന്ന തെക്കേന്ത്യയില്‍ പാല്‍ ഉത്പന്നങ്ങള്‍ മാത്രമാണ് വില്‍ക്കുന്നത്. പാലിന്‍റെ വില വര്‍ധന മറ്റ് ഉത്പന്നങ്ങളിലും പ്രതിഫലിക്കും.
2021 ജൂണിൽ ജിസിഎംഎംഎഫ് ലിറ്ററിന് 2 രൂപ കൂട്ടിയിരുന്നു. ഇതോടെ നാല് ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. എന്നാലിത് ശരാശരി ഭക്ഷ്യ പണപ്പെരുപ്പത്തേക്കാൾ വളരെ കുറവാണെന്ന് കമ്പനി അവകാശപ്പെട്ടു. അമുൽ ഗോൾഡ് 500 മില്ലി ലിറ്ററിന് 32 രൂപയും അമുൽ താസ 500 മില്ലി ലിറ്ററിന് 26 രൂപയും അമുൽ ശക്തി 500 മില്ലി ലിറ്ററിന് 29 രൂപയുമാണ് പുതിയ വില. ഊർജം, പാക്കേജിങ്, ലോജിസ്റ്റിക്‌സ്, കന്നുകാലി തീറ്റ ചെലവ് എന്നിവയുടെ ചെലവ് വർധിച്ചതിനാലാണ് ഈ വില വർദ്ധനയെന്ന് കമ്പനി അറിയിച്ചു.
Also Read: പുൽവാമ... കശ്‌മീരിന്‍റെ ആനന്ദ്
മൊത്തത്തിലുള്ള പ്രവർത്തന ചെലവും പാലിന്‍റെ ഉത്പാദനച്ചെലവും വർധിച്ചു. തങ്ങളുടെ കര്‍ഷകര്‍ക്ക് കൊഴുപ്പനുസരിച്ച് കിലോക്ക് 35-40 വരെ രൂപ വര്‍ധിപ്പിച്ചതായും കമ്പനി അറിയിച്ചു. ഇത് മുൻ വർഷത്തേക്കാൾ 5% കൂടുതലാണ്.
പാലിനും പാലുത്പന്നങ്ങൾക്കുമായി ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്ന ഒരു രൂപയില്‍ ഏകദേശം 80 പൈസ അമുൽ പാൽ ഉത്പാദകർക്ക് നല്‍കുന്നുണ്ടെന്നും കമ്പനി അറിയിച്ചു. പാൽ ഉത്പാദകർക്ക് ആദായകരമായ വില ലഭിക്കാനും ഉയർന്ന അവരെ പ്രോത്സാഹിപ്പിക്കുന്നതിനും പരിഷ്കരണം സഹായിക്കുമെന്നും ജിസിഎംഎംഎഫ് വ്യക്തമാക്കി.