അലിഗഡ് (ഉത്തര്‍ പ്രദേശ്) : അലിഗഡ് മുസ്‌ലിം സര്‍വകലാശാല (Aligarh Muslim University -AMU)യുടെ സില്‍വര്‍ ലൈന്‍ കാമ്പസില്‍ വെടിവയ്‌പ്പ്. സംഭവത്തില്‍ വിദ്യാര്‍ഥിക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട് (AMU Campus firing student injured). ഇന്നലെ (നവംബര്‍ 3) പുലര്‍ച്ചെ ആയിരുന്നു വെടിവയ്‌പ്പ്.
സില്‍വര്‍ ലൈന്‍ ഏരിയയിലെ അലിഗഡ് സര്‍വകലാശാല കാമ്പസ് എസ്‌എസ് നോര്‍ത്ത് ഹോസ്റ്റലിലാണ് ആക്രമണം നടന്നത്. അക്കാദമിക് സമൂഹത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുന്ന സംഭവമാണ് നടന്നതെന്ന് സര്‍വകലാശാല അഡ്‌മിനിസ്‌ട്രേഷന്‍ പ്രതികരിച്ചു. സംഭവത്തില്‍ സില്‍വര്‍ ലൈന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് (Aligarh Muslim University campus firing incident).
മൊറാദാബാദ് ജൈത്‌വാര സ്വദേശിയായ റെഹാന്‍ എന്ന വിദ്യാര്‍ഥിക്കാണ് വെടിവയ്‌പ്പില്‍ പരിക്കേറ്റത്. പ്രഭാത ഭക്ഷണത്തിനായി ഡൈനിങ് ഹാളിലേക്ക് പോകുന്നതിനിടെയാണ് റെഹാന്‍ ആക്രമിക്കപ്പെട്ടത്. കാമ്പസിനുളളില്‍ അപ്രതീക്ഷിതമായി വെടിയൊച്ച മുഴങ്ങുകയായിരുന്നു. റെഹാന്‍റെ കാലിലാണ് ബുള്ളറ്റ് തറച്ചു കയറിയത്.
അതേസമയം, വെടി വച്ചത് ആരാണെന്നോ എവിടെ നിന്നാണോ എന്നൊന്നും വ്യക്തമല്ല. സംഭവത്തില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. പരിക്കേറ്റ റെഹാന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിച്ചിരുന്നു. വിദ്യാര്‍ഥിയെ ജെഎല്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിലവില്‍ വിദ്യാര്‍ഥി അപകടനില തരണം ചെയ്‌തതായാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
അലിഗഡ് സര്‍വകലാശാല കാമ്പസിലെ വെടിവയ്‌പ്പിന് പിന്നാലെ, സംഭവത്തില്‍ പൊലീസ് അതിവേഗം പ്രവര്‍ത്തിച്ചതായി അലിഗഡ് സീനിയര്‍ പൊലീസ് സൂപ്രണ്ട് കലാ നിധി നൈതാനി പ്രതികരിച്ചു. സംഭവത്തെ ചുറ്റിപ്പറ്റിയുള്ള ദുരൂഹത വെളിച്ചത്ത് കൊണ്ടുവരാനും വെടിവയ്‌പ്പിന് പിന്നിലുള്ളവരെ കണ്ടെത്താനുമുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അലിഗഡ് മുസ്‌ലിം സര്‍വകലാശാല (എഎംയു) ഭീകരതയുടെ വിളനിലമാണെന്ന് പ്രതികരിച്ചുകൊണ്ട് ബിജെപി നേതാവ് താക്കൂര്‍ രഘുരാജ് സിങ് (BJP leader Thakur Raghuraj Singh) രംഗത്തെത്തി ദിവസങ്ങള്‍ക്കകമാണ് കാമ്പസില്‍ വെടിവയ്‌പ്പ് ഉണ്ടായത്. സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ രാജ്യത്തിന്‍റെ താത്‌പര്യങ്ങള്‍ക്ക് വിരുദ്ധമായ പ്രവര്‍ത്തനങ്ങളെ പിന്തുണയ്‌ക്കുന്നു എന്ന് താക്കൂര്‍ ആരോപിച്ചു. രാജ്യത്തെ മുഴുവന്‍ ജനങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിന്നില്‍ നില്‍ക്കണമെന്നും ഇസ്രയേലിന് പിന്തുണ നല്‍കാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനത്തെ പിന്തുണക്കണമെന്നും താക്കൂര്‍ ശക്തമായി വാദിച്ചു. പ്രതികരണം നടത്തി ദിവങ്ങള്‍ക്ക് ശേഷമാണ് ദാരുണ സംഭവത്തിന് അലിഗഡ് സര്‍വകലാശാല കാമ്പസ് സാക്ഷിയായത്.