ചണ്ഡീഗഡ്: വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിങ്ങിനെ പിടികൂടാനുള്ള തെരച്ചില്‍ ഊര്‍ജിതമായി നടക്കവെ, ഇയാളുടെ ഭാര്യ കിരൺദീപ് കൗർ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണ വലയത്തില്‍. പഞ്ചാബ് പൊലീസിന്‍റെ അടുത്ത വൃത്തങ്ങളാണ് ഇതുസംബന്ധിച്ച വിവരം മാധ്യമങ്ങളെ ഇന്ന് അറിയിച്ചത്. ഖലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാലുമായി മാസങ്ങള്‍ക്ക് മുന്‍പാണ് യുകെ പൗരയായ കിരൺദീപ് കൗർ വിവാഹിതയായത്.
കൗറിന്‍റെ പശ്ചാത്തലത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി 10ന് ബാബ ബകാലയിലെ ജല്ലുപൂർ ഖേര ഗ്രാമത്തിൽവച്ചാണ് ഇരുവരും വിവാഹിതരായത്. ജലന്ധറിലെ ഗുരുദ്വാര സാഹിബിലായിരുന്നു നേരത്തെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍, മാധ്യമങ്ങളുടേയും ആളുകളുടേയും തിരക്ക് കാരണം അവസാന നിമിഷം വിവാഹ വേദി മാറ്റുകയായിരുന്നു. വിവാഹ ചടങ്ങിലേക്ക് മാധ്യമങ്ങളെ അനുവദിച്ചിരുന്നില്ല. തന്‍റെ സ്വകാര്യതയെ മാനിക്കണമെന്നും അമൃത്പാൽ മാധ്യമങ്ങളോട് അഭ്യർത്ഥിച്ചിരുന്നു.
'യുകെയിൽ വച്ച് ഇരുവരും എങ്ങനെ അടുത്തു ?', അന്വേഷണം: തന്‍റെ ഭാര്യ ഇപ്പോൾ ഇംഗ്ലണ്ടിലേക്ക് മടങ്ങില്ലെന്നും അവൾ പഞ്ചാബിൽ തന്നോടൊപ്പം താമസിക്കുമെന്നും വിവാഹവേളയില്‍ അമൃത്‌പാല്‍ പറഞ്ഞിരുന്നു. അമൃത്‌പാല്‍ സിങ്ങിനെതിരെയുള്ള പഞ്ചാബ് പൊലീസ് നീക്കത്തില്‍ യുകെയിലെ ഇന്ത്യൻ ഹൈക്കമ്മിഷന് മുന്‍പില്‍ സ്ഥാപിച്ച ഇന്ത്യന്‍ ത്രിവർണ പതാക ഖലിസ്ഥാന്‍ അനുകൂലികള്‍ നശിപ്പിച്ചിരുന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് കിരൺദീപ് കൗർ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണ വലയത്തിലായത്.
യുകെയിൽ വച്ച് ഇരുവരും എങ്ങനെ പരസ്‌പരം അടുത്തു. എത്ര നാളായി പരസ്‌പരം അറിയാം എന്നിങ്ങനെയുള്ള കാര്യങ്ങള്‍ അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഇരുവരുടേയും രഹസ്യവിവാഹവും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്. അതേസമയം, അമൃത്പാൽ സിങ്ങിനെ പിടികൂടാൻ പഞ്ചാബ് പൊലീസിന്‍റെ തെരച്ചില്‍ തുടരുകയാണ്.
ഫോണ്‍ നമ്പറിന്‍റെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അമൃത്പാലിന്‍റെ അവസാന ലൊക്കേഷൻ ഷാകോട്ട് പ്രദേശത്ത് ആണെന്ന് കണ്ടെത്തിയതായി വൃത്തങ്ങൾ അറിയിച്ചു. അമൃത്പാലിന്‍റെ അമ്മാവൻ ഹർജിത് സിങ്, അദ്ദേഹത്തിന്‍റെ സഹായികളായ ദൽജിത് സിങ് കൽസി, ബസന്ത് സിങ്, ഗുർമീത് സിങ്, ഭഗവന്ത് സിങ് ഉള്‍പ്പെടെയുള്ളവരെ പഞ്ചാബ് പൊലീസ് നേരത്തേ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
അമൃത്‌പാലിന്‍റെ വിവിധ ചിത്രങ്ങൾ പുറത്തുവിട്ട് പൊലീസ്: അമൃതപാൽ സിങ്ങിന്‍റെ വിവിധ തരത്തിലുള്ള ചിത്രങ്ങൾ പഞ്ചാബ് പൊലീസ് ചൊവ്വാഴ്‌ച (മാര്‍ച്ച് 21) പുറത്തുവിട്ടു. ഇയാള്‍ കടന്നുകളയാന്‍ ഉപയോഗിച്ച കാര്‍ ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്. ജലന്ധർ ജില്ലയിലെ നംഗൽ അംബിയാൻ ഗ്രാമത്തിലെ ഒരു ഗുരുദ്വാര സന്ദർശിച്ചെന്നും ഇവിടെ നിന്നും വസ്‌ത്രം മാറി വീണ്ടും രക്ഷപ്പെട്ടുവെന്നും പൊലീസ് മാധ്യമങ്ങളെ അറിയിച്ചു.
അമൃത്‌പാൽ സിങ്ങിനെ സഹായിച്ച നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്‌തതായി പഞ്ചാബ് ഐജിപി സുഖ്‌ചെയിൻ സിങ് ഗിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആയുധ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. അമൃത്പാൽ സിങ് കടന്നുകളഞ്ഞ ബ്രെസ്സ കാർ പൊലീസ് കണ്ടെടുത്തു. നാല് പേരാണ് കടന്നുകളയാന്‍ അദ്ദേഹത്തെ സഹായിച്ചതെന്നും അദ്ദേഹം പറഞ്ഞു.