തൃശൂര്‍: കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ലൈഫ് മിഷന്‍ അഴിമതിയില്‍ മുങ്ങിയെന്നും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലായതില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ. തൃശൂരിൽ സംഘടിപ്പിച്ച ബിജെപിയുടെ ജനശക്തി റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കേവയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. സ്വർണക്കടത്ത് കേസ് അങ്ങനെ വിട്ടു പോകില്ല. 2024ലെ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ ചോദ്യമുയരും, അതിന് ഉത്തരം നൽകേണ്ടി വരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കേരളത്തില്‍ തമ്മിലടിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും ത്രിപുരയില്‍ ഒന്നിച്ചു. നിലനില്‍പ്പിന് വേണ്ടിയാണ് അവര്‍ ഒന്നിച്ചത്. എന്നാല്‍ ജനം തിരഞ്ഞെടുത്തത് ബിജെപിയെ ആണെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം മോദി സര്‍ക്കാര്‍ കേരളത്തിനായി 1,15,000 കോടി രൂപ നല്‍കി. എന്നാല്‍ യുപിഎ സര്‍ക്കാര്‍ കാലത്ത് 45,900 കോടി രൂപ മാത്രമാണ് നല്‍കിയത്.
തൊഴിലുറപ്പ് പദ്ധതിയില്‍ 8500 കോടി നല്‍കി. മറ്റൊരു സംസ്ഥാനത്തിനും ഇത്രയും തുക നല്‍കിയിട്ടില്ല. ഗുരുവായൂരില്‍ 317 കോടി, കാസര്‍കോടില്‍ 50 മെഗാവാട്ടിന്‍റെ സൗരോര്‍ജ പദ്ധതിക്ക് കേന്ദ്രാനുമതി, കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനായി 1950 കോടി നല്‍കിയെന്നും അമിത് ഷാ പറഞ്ഞു.
ജനശക്തി റാലി 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ തുടക്കമാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. കമ്മ്യൂണിസം ലോകം തന്നെ നിരാകരിച്ച ആശയമാണ്. കോൺഗ്രസിനെ രാജ്യവും പുറം തള്ളി. കേരളത്തിലെ ജനങ്ങളോട് മോദിക്ക് അവസരം നൽകൂ എന്നാണ് ആവശ്യപ്പെടാനുള്ളത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതും നേട്ടമായി അമിത് ഷാ ചൂണ്ടിക്കാട്ടി.
എന്നാല്‍ കോണ്‍ഗ്രസും സിപിഎമ്മും സ്വാഗതം ചെയ്‌തില്ലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. സ്വർണക്കടത്തും ലൈഫ് മിഷനും ആരോപണങ്ങളുന്നയിച്ച അമിത് ഷാ നരേന്ദ്രമോദിയുടെ വികസന നേട്ടങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു ബിജെപി റാലിയില്‍ പ്രസംഗിച്ചത്. അതേസമയം 'തൃശൂരിനെ എനിക്ക് വേണമെന്ന്’ റാലിയില്‍ സുരേഷ്ഗോപി ആവര്‍ത്തിച്ചു.
കണ്ണൂരിലായാലും മത്സരിക്കാൻ തയ്യാറെന്നും നടന്‍ പറഞ്ഞു. അമിത് ഷായ്‌ക്ക് മുമ്പ് പ്രസംഗിച്ച സുരേഷ് ഗോപി കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് ഏറെ ചർച്ചയായി മാറിയ തൃശ്ശൂര്‍ എനിക്ക് വേണമെന്ന അതേ വാചകങ്ങള്‍ ആവര്‍ത്തിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കുമെന്ന സൂചന നല്‍കി സുരേഷ് ഗോപി ഏത് ഗോവിന്ദന്‍ വന്നാലും ഹൃദയം കൊണ്ട് തൃശൂര്‍ എടുക്കുമെന്നും കേരളം ബിജെപി പിടിച്ചെടുക്കുമെന്നും റാലിയില്‍ അവകാശപ്പെട്ടു.
ബിജെപി ദേശീയ വക്‌താവ് പ്രകാശ് ജാവഡേക്കര്‍, സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍, ജില്ല പ്രസിഡന്‍റ് കെകെ അനീഷ് കുമാര്‍, സംസ്ഥാന വക്‌താവ് ബി ഗോപാലകൃഷ്‌ണന്‍ ഉള്‍പ്പെടെയുളള നേതാക്കളും റാലിയില്‍ പങ്കെടുത്തു. ശക്തൻ തമ്പുരാൻ സമാധിയിൽ പുഷ്‌പാർച്ചന നടത്തിയതിന് ശേഷമാണ് അമിത് ഷാ തെക്കേ ഗോപുരനടയിലെ പൊതുസമ്മേളന വേദിയിലെത്തിയത്.