ന്യൂഡൽഹി: ഗുജറാത്ത് ബിജെപിയുടെ ശക്തികേന്ദ്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി നേടിയ വിജയം മുഴുവൻ രാഷ്‌ട്രീയത്തെയും മാറ്റിമറിക്കുന്നതാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ നല്ല സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്‌ച പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ അനുമോദന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. സൂറത്ത് സിറ്റിയും ജില്ല ബിജെപിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
2022ൽ ബിജെപി നേടിയത് ചരിത്രപരമായ വിജയമാണെന്നും, ഗുജറാത്ത് പാർട്ടിയുടെ ശക്തികേന്ദ്രമാണെന്നതിന്‍റെ തെളിവാണിതെന്നും അമിത് ഷാ പറഞ്ഞു. തെരഞ്ഞെടുപ്പിൽ നിരവധി പുതിയ പാർട്ടികൾ വന്നു. വ്യത്യസ്‌ത അവകാശവാദങ്ങളും ഉറപ്പുകളും നൽകി. പക്ഷേ, ഈ പാർട്ടികളെല്ലാം തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തകർന്നു. ഗുജറാത്തിലെ ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും സ്വാഗതം ചെയ്യുന്നതായാണ് തെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നത്.
'ഗുജറാത്ത് ബിജെപിയുടെ ശക്തികേന്ദ്രമാണ്. അത് എക്കാലവും അങ്ങനെ തന്നെ നിലനിൽക്കും. രാജ്യത്തിന് ശക്തമായ സന്ദേശമാണ് തെരഞ്ഞെടുപ്പ് വിജയം നൽകിയതെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലെ ഈ വിജയം രാജ്യത്തുടനീളമുള്ള തൊഴിലാളികൾക്ക് ആവേശവും പ്രചോദനവും ഊർജ്ജവും നൽകുന്നതാണ്. ഈ വിജയം മുഴുവൻ രാഷ്ട്രീയ ചിത്രത്തെയും മാറ്റിമറിക്കും. 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും ഫലം നല്ല സ്വാധീനം ചെലുത്തും'- അമിത് ഷാ പറഞ്ഞു.
'മോദീപ്രഭാവം': വിജയത്തിൽ ഗുജറാത്ത് ബിജെപി അധ്യക്ഷൻ സിആർ പാട്ടീലിനേയും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനേയും അമിത് ഷാ അഭിനന്ദിച്ചു. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിലെ റെക്കോർഡ് നേട്ടത്തിന് ബിജെപിയുടെ ബൂത്ത് ലെവൽ പേജ് കമ്മിറ്റി മുതൽ സംസ്ഥാന അധ്യക്ഷൻ വരെയുള്ള പ്രവർത്തകർ വഹിച്ച പങ്ക് വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ സംസ്ഥാനത്തുട നീളം പ്രധാനമന്ത്രി മോദി നടത്തിയ സന്ദർശനങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. സന്ദർശനങ്ങളിലൂടെ അദ്ദേഹം ഗുജറാത്തിൽ ബിജെപി അനുകൂല കൊടുങ്കാറ്റ് സൃഷ്‌ടിച്ചു. അത് പാർട്ടി പ്രവർത്തകർ വോട്ടാക്കി മാറ്റി എന്നും അദ്ദേഹം പറഞ്ഞു.
'ബിജെപി സൃഷ്‌ടിച്ച വികസനക്കുതിപ്പ്': സംസ്ഥാനത്തെ ആദിവാസി മേഖലകളിലും വിദൂര പ്രദേശങ്ങളിലും ബിജെപി നടത്തുന്ന വികസന കുതിപ്പിനെയും ആഭ്യന്തരമന്ത്രി അഭിനന്ദിച്ചു. സംസ്ഥാനത്ത് ഒരു അഴിമതിയും നടക്കാത്ത സുതാര്യവും സത്യസന്ധവുമായ സർക്കാരിന്‍റെ മാതൃകയാണ് പാർട്ടി സൃഷ്‌ടിച്ചിരിക്കുന്നതെന്നും പറഞ്ഞു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്‍റെ നേതൃത്വത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിരവധി പദ്ധതികൾ കൊണ്ടുവന്നു. വികസനത്തിന്‍റെ പുതിയ തലങ്ങൾ സൃഷ്‌ടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'അഭിനന്ദനം താഴേത്തട്ടിലുള്ള പ്രവർത്തകർ മുതൽ': വിജയത്തിൽ പങ്കുവഹിച്ചത് ബിജെപി പ്രവർത്തകരാണ്. അവർ ഭവന സന്ദർശനം നടത്തുകയും സർക്കാരിന്‍റെ എല്ലാ നേട്ടങ്ങളെ ക്കുറിച്ചും ജനങ്ങളെ ധരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റാൻ സർക്കാർ ബാധ്യസ്ഥരാണ്. ബിജെപിയുടെ ഉത്തരവാദിത്തം വർധിച്ചിരിക്കുകയാണ്. അടുത്ത അഞ്ച് വർഷത്തേക്ക് പ്രധാനമന്ത്രിയുടെ സന്ദേശങ്ങളും ജനക്ഷേമ പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ നാമെല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ താമര വസന്തം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ ഡിസംബർ 8ന് വോട്ടെണ്ണൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ 182 സീറ്റുകളിൽ 156 സീറ്റുകളും ബിജെപി നേടിയിരുന്നു. മുൻ റെക്കോർഡുകളെല്ലാം തകർത്തു കൊണ്ടായിരുന്നു ബിജെപിയുടെ ജയം.
പ്രധാനമന്ത്രി നരേന്ദ്രമോദി തന്‍റെ നെടുനായകത്വത്തില്‍ പാര്‍ട്ടിയുടെ മറ്റ് സുപ്രധാന നേതാക്കളെയാകെ അണിനിരത്തി അഴിച്ചുവിട്ട ശക്തമായ പ്രചാരണത്തിന്‍റെ ഫലമായിരുന്നു രാഷ്ട്രീയ-ഭരണ റെക്കോര്‍ഡുകള്‍ തകര്‍ത്തുള്ള ബിജെപിയുടെ ഗുജറാത്തിലെ ചരിത്ര വിജയം. മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിന്‍റെ അടിത്തറ തകര്‍ത്തുകൊണ്ടായിരുന്നു ഗുജറാത്തിലെ ബിജെപിയുടെ വിജയം.
സര്‍ക്കാരിനോടോ പാര്‍ട്ടിയോടോ എന്തൊക്കെ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും 'ഈ മണ്ണിന്‍റെ പുത്രനായ മോദിക്ക് വോട്ടുചെയ്യൂ' എന്ന അഭ്യര്‍ഥനയാണ് താഴേത്തട്ടിലുള്ള പ്രവര്‍ത്തകരും പ്രാദേശിക നേതാക്കളും മുന്നോട്ടുവച്ചത്. അതിന് സ്വീകാര്യത ലഭിച്ചതായി ഫലം സാക്ഷ്യപ്പെടുത്തുന്നു. വ്യക്തവും കൃത്യവും ഫലപ്രദവുമായ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയതാണ് ബിജെപിക്ക് അത്യുജ്വല വിജയമൊരുക്കിയത്.