ഗാന്ധിനഗർ: ബുധനാഴ്ച മുതല്‍ ഏപ്രിൽ 30 വരെ ഗുജറാത്തിലെ 20 നഗരങ്ങളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി. അഹമ്മദാബാദ്, സൂറത്ത്, രാജ്കോട്ട്, വഡോദര, ജുനാഗഡ്, ഗാന്ധിനഗർ, ജാംനഗർ, ഭാവ്നഗർ, ആനന്ദ്, നാദിയാദ്, മെഹ്സാന, മോർബി, പാടൻ, ഗോധ്ര ദഹോദ്, ഭുജ്, ഗാന്ധിധാം, സുരേനഗര്‍, ബറൗച്ച്, അംറേലി തുടങ്ങിയ നഗരങ്ങളിലാണ് കര്‍ഫ്യൂ എര്‍പ്പെടുത്തുക.
രാത്രി എട്ട് മുതല്‍ക്ക് രാവിലെ ആറുവരെയുള്ള സമയത്താണ് കര്‍ഫ്യൂ ഉണ്ടാവുക. 'വിവാഹ ചടങ്ങുകളില്‍ പരമാവധി 100 പേര്‍ക്കാണ് പങ്കെടുക്കാനാവുക. മറ്റ് വലിയ പരിപാടികള്‍ ഏപ്രില്‍ 30 വരേയ്ക്കും നീട്ടി. സർക്കാർ ഓഫീസുകൾ ശനിഴായ്ച മുതല്‍ ഏപ്രില്‍ 30 വരെ അടച്ചിടും'. കൊവിഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്കിടെ രൂപാണി പറഞ്ഞു.
അതേസമയം പുതിയ 3280 കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2167 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 17 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാരാന്ത്യ കർഫ്യൂ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ഗുജറാത്ത് ഹൈക്കോടതി നേരത്തെ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചിരുന്നു.